ഡ്രൈവിംഗ് ടെസ്റ്റ് : കായംകുളത്ത് ഗ്രൗണ്ട് പൂട്ടിയിട്ട് പ്രതിഷേധം

Tuesday 07 May 2024 12:43 AM IST

ആലപ്പുഴ : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധം തുടരുന്നതിനിടെ ആലപ്പുഴയിൽ തിങ്കളാഴ്ചയും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. മാവേലിക്കരയിൽ സമരക്കാരുടെ പ്രതിഷേധം കാരണം ടെസ്റ്റിനെത്തിയ മൂന്നുപേർ ഹാജരാകാതെ മടങ്ങി. കായംകുളം ജോയിന്റ് ആർ.ടി.ഒ ഓഫീസ് പരിധിയിൽ ഡ്രൈവിംഗ് സ്കൂൾ അസോസിയഷൻ വകയായി ഒന്നാംകുറ്റിയിലുള്ള ഗ്രൗണ്ട് പൂട്ടിയിട്ടിരുന്നതിനാൽ ടെസ്റ്രിനെത്തിയവർക്കോ ഉദ്യോഗസ്ഥർക്കോ ഉള്ളിൽ പ്രവേശിക്കാനായില്ല. ചേർത്തലയിൽ സ്ളോട്ട് ബുക്ക് ചെയ്ത മൂന്നുപേരെത്തിയെങ്കിലും അഭ്യൂഹങ്ങളെ തുടർന്ന് അവരും മടങ്ങി. കുട്ടനാട്, ആലപ്പുഴ ജോയിന്റ് ആർ‌.ടി.ഒ ഓഫീസുകളിൽ ആരും ടെസ്റ്റിനെത്തിയില്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ചില ഇളവുകൾ ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗികമായ ഉത്തരവ് ഇന്നലെയും ആർ.ടി.ഓഫീസുകളിൽ ലഭിച്ചില്ല. ഡ്രൈവിംഗ് പരിശീലനത്തിന് പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കുന്നതിന് ആറുമാസവും ഡാഷ് ബോ‌ഡിൽ കാമറ വയ്ക്കുന്നതിന് മൂന്നുമാസവും ഇളവ് അനുവദിച്ചെങ്കിലും സർക്കുലറിലെ വിവാദ തീരുമാനങ്ങൾ പിൻവലിക്കും വരെ ടെസ്റ്റ് ബഹിഷ്കരിക്കാനാണ് സി.ഐ.ടി.യു ഒഴികെയുള്ള ഡ്രൈവിംഗ് സ്കൂൾ സംഘടനകളുടെ തീരുമാനം.

Advertisement
Advertisement