പുരാതനശിലാ ലിഖിതങ്ങളുമായി പള്ളിപ്പുറം സെന്റ് മേരീസ് പള്ളി

Tuesday 07 May 2024 1:48 AM IST

പൂച്ചാക്കൽ: ചരിത്രവിദ്യാർത്ഥികളെ കാത്ത് അപൂർവങ്ങളായ തിരുശേഷിപ്പുകളുമായി പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളി. പരിശുദ്ധ മാതാവിന്റെ പേരിൽ ഏഷ്യയിൽ സ്ഥാപിച്ച ആദ്യത്തെ ദേവാലയമാണിത്.

പള്ളിയുടെ ചരിത്രം ഹീബ്രു, തമിഴ് ഭാഷകളിലും കോലെഴുത്തിലും കരിങ്കല്ലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹീബ്രു, തമിഴ് എന്നീ ഭാഷകളിലെ ചരിത്രം പള്ളിയുടെ വടക്ക് ഭാഗത്തും കോലെഴുത്തിലുള്ളത് കിഴക്ക് ഭാഗത്തുമാണ് സൂക്ഷിച്ചിട്ടുള്ളത്.

പുരാവസ്തു വിഭാഗം നിരവധിതവണ ഇവിടുത്തെ ലിപികളെപ്പറ്റി പഠനം നടത്തിയിരുന്നു.

പഴയ സെമിത്തേരി പൊളിച്ചപ്പോൾ, ഓരോ കല്ലറയിലും, കരിങ്കൽ പാളികളിൽ കോലെഴുത്തിൽ, മരിച്ച ആളിനെ കുറിച്ച് എഴുതി വെച്ചത് കിട്ടിയെന്ന് കൈക്കാരന്മാരായ ബിജു പണിക്കശേരിയും, ജോസുകുട്ടി കരിയിലും പറഞ്ഞു.

16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് തച്ചുശാസ്ത്ര വിദഗ്ദരുടെ സഹായത്തോടെ പുതുക്കിപ്പണിത പള്ളിയുടെ മദ്ബഹയും മുഖവാരവും പ്രത്യേകതയുള്ളതാണ്. ലൂക്കാ ശ്ലീഹ വരച്ച് റോമിലെ സാംഗ്ത മരിയ തെജോറ ചാപ്പലിൽ പ്രതിഷ്ഠിച്ച കന്യാമറിയത്തിന്റെ ഛായാചിത്രമാണ് പള്ളിപ്പുറത്തെ അൾത്താരയിലെ പ്രതിഷ്ഠ.

1818ൽ പള്ളിപ്പുറം വൈദിക സെമിനാരി റെക്ടറായിരുന്ന പാലക്കൽ തോമ മൽപ്പാന്റെ ശിഷ്യത്വം സ്വീകരിച്ച്, 13 -ാം വയസിൽ എത്തിയ കുട്ടിയാണ് പിന്നീട് വിശുദ്ധ പദവിയിലേക്ക് ഉയർന്ന ചാവറ ഏലിയാസ് കുര്യാക്കോസ് അച്ചൻ.

ചാവറയച്ചൻ വികാരി ആയിരിക്കെ, വിശ്വാസികൾക്ക് മാമോദീസ നൽകിയിരുന്ന ഒറ്റക്കല്ലിൽ തീർത്ത മാമോദീസ തൊട്ടി, 33 വിശുദ്ധന്മാരുടെ തിരുശേഷിപ്പുകൾ, ബിഷപ്പ് റഫായേൻ ഉപയോഗിച്ചിരുന്ന സ്വർണ കാസ, അരുളിക്ക, വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്, സെമിനാരിയിലെ മല്പാന്മാർക്കും വിദ്യാർത്ഥികൾക്കുമായി നിർമ്മിച്ച അതിപുരാതനായ കിണർ തുടങ്ങി ഒട്ടനവധി ശേഷിപ്പുകൾ ഇവിടെയുണ്ട്.

കായലിലൂടെ എത്തിയ കുരിശ്

തോമ ശ്ലീഹ സുവിശേഷം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ എത്തി ചേർത്തല കൊക്കമംഗലം ഉൾപ്പെടെ ഏഴു സ്ഥലങ്ങളിൽ കുരിശുകൾ സ്ഥാപിച്ച് പള്ളികൾക്ക് തുടക്കമിട്ടു. ഇതിൽ കൊക്കമംഗലത്ത് സ്ഥാപിച്ച കുരിശ്, മതവിരോധികൾ വേമ്പനാട് കായലിലേക്ക് എറിഞ്ഞുകളഞ്ഞു. കായലിലൂടെ മാട്ടേൽ തുരുത്തിൽ എത്തിയ കുരിശ്, കാലാന്തരത്തിൽ പള്ളിപ്പുറത്ത് സ്ഥാപിച്ചു എന്നുമാണ് വിശ്വാസം. പിന്നീട് വിശ്വാസികളുടെ സൗകര്യാർത്ഥം നിരവധി തവണ പുതുക്കിപ്പണിത പള്ളിയിലെ അൾത്താരയിൽ പ്രത്യേക പേടകത്തിലേക്ക് ഈ കുരിശ് മാറ്റി.

Advertisement
Advertisement