വിവാദത്തിലും വാടാതെ അരളി

Tuesday 07 May 2024 1:48 AM IST

ആലപ്പുഴ: ഹരിപ്പാട് സ്വദേശിനിയുടെ മരണത്തിലൂടെ വിവാദത്തിലകപ്പെട്ടങ്കിലും വിപണിയിൽ വാടാതെ അരളിപ്പൂവ്. അരളിച്ചെടിയുടെ ഇലയും പൂവും കടിച്ചതിനെ തുടർന്ന് സൂര്യ മരിച്ചത് നാടാകെ നടുക്കമായി തുടരുമ്പോഴും വിപണിയിൽ അരളിയുടെ ഡിമാന്റിനും വിലയ്ക്കും കുറവില്ല. സൂര്യയുടെ മരണത്തിലെ അവ്യക്തതയും പൂവിന് ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന സംശയങ്ങൾക്കിടയിലും നഗരത്തിലെ പ്രധാന വിപണിയായ മുല്ലയ്ക്കലെ പൂക്കടകളിൽ അരളി തേടി നിരവധിപേരാണ് എത്തുന്നത്. കഴിഞ്ഞ വർഷം ഇതേസമയത്ത് കിലോയ്ക്ക് 120 രൂപ വിലയുണ്ടായിരുന്ന അരളിക്ക് 290 രൂപയാണ് ഇന്നലത്തെ വില.

വെള്ളയാണ് സൂപ്പർസ്റ്റാർ !

1. ക്ഷേത്രങ്ങളിലെ പൂജ ആവശ്യങ്ങൾക്ക് പുറമേ പള്ളികളിൽ കല്ലറകൾ അലങ്കരിക്കാനും മറ്റും അരളിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് പൂക്കളെത്തുന്നത്. കൊടും ചൂടിൽ മിക്ക കടകളിലും ഒരു ദിവസത്തിലധികം സൂക്ഷിക്കാൻ കഴിയില്ല. ശീതീകരണ സംവിധാനമുണ്ടെങ്കിലും രണ്ടാം ദിവസമാകുമ്പോഴേക്കും പൂവ് ചീഞ്ഞുതുടങ്ങും

2. 100ഗ്രാം മുതലുള്ള പായ്ക്കറ്റുകളിലാക്കിയാണ് അരളിയുടെ വിൽപ്പന. 40 രൂപയാണ് പായ്ക്കറ്റ് വില. ഇതിന് പുറമേ ഒരുമുഴത്തിന് 30 രൂപ മുതൽ വിലവരുന്ന മാലകളായും അരളി ലഭിക്കും. നാട്ടിൽ സുലഭമായ പിങ്ക് നിറത്തിലുള്ള അരളിക്ക് പുറമേ വെളള, മഞ്ഞ, കുങ്കുമ വർണങ്ങളിലുള്ള പൂക്കളും വിപണിയിലുണ്ട്. കിലോയ്ക്ക് 450 രൂപവിലയുള്ള വെള്ള അരളിയാണ് സൂപ്പർ സ്റ്റാർ

അരളിപ്പൂവ് :

(കിലോയ്ക്ക്)​

പഴയവില : ₹120

പുതിയവില : ₹ 290

അരളിപ്പൂവിന് വിഷാംശമുണ്ടെന്ന പ്രചരണമൊന്നും വിപണിയെ ബാധിച്ചിട്ടില്ല. സാധാരണപോലെ 10 കിലോ അരളിപ്പൂവാണ് കച്ചവടത്തിനായി എടുത്തത്. വെെകിട്ട് നൂറ്ഗ്രാം പോലും ബാക്കിയുണ്ടാകില്ല.

-പ്രസാദ്, ദേവൂട്ടി ഫ്ളവർ മാർട്ട്, മുല്ലയ്ക്കൽ

Advertisement
Advertisement