സിനിമയുടെ സുകൃതം

Tuesday 07 May 2024 12:17 AM IST

മലയാള സിനിമയുടെ സുവർണകാലമായി വിശേഷിപ്പിക്കപ്പെടുന്ന 1980 കളിലാണ് ഹരികുമാർ ചലച്ചിത്ര സംവിധായകനായി കടന്നുവന്നത്. ഭരതനും പദ്മരാജനും, കെ.ജി.ജോർജ്ജും, മോഹനും ഐ.വി. ശശിയുമൊക്കെ തിളങ്ങി നിന്ന ആ കാലത്ത് തന്റേതായ കസേര വലിച്ചിട്ടിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് സിനിമയോടുള്ള അഗാധമായ പ്രണയം കൊണ്ടായിരുന്നു. കൊല്ലം നഗരസഭയിൽ എഞ്ചിനിയറായിരിക്കെ അവധിയെടുത്ത് ചലച്ചിത്ര രംഗത്തേക്ക് ഇറങ്ങിത്തിരിച്ച ഹരികുമാറിന് പിന്നീട് ആ പദവിയിലേക്ക് മടങ്ങേണ്ടി വന്നില്ല. ഒരു കാബറെ നർത്തകിയുടെ അന്തസ്സംഘർഷങ്ങൾ പ്രമേയമാക്കിയ 'ആമ്പൽപ്പൂവ്' ആയിരുന്നു ആദ്യ ചിത്രം. വാണിജ്യവിജയം നേടിയില്ലെങ്കിലും നിരൂപക പ്രശംസ വലിയ തോതിൽ ആ ചിത്രത്തിന് ലഭിച്ചു. നാൽപതു വർഷം നീണ്ട ചലച്ചിത്രസപര്യക്കിടയിൽ 18 ചിത്രങ്ങൾ മാത്രമാണ് ഹരികുമാർ സംവിധാനം ചെയ്തത്.

സാഹിത്യ-സൃഷ്ടികളോടുള്ള പ്രണയം മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ രചനകൾ ചലച്ചിത്രമാക്കാനുള്ള അവസരങ്ങൾ ഹരികുമാറിനു നേടികൊടുത്തു. ആദ്യ ചിത്രമായ ആമ്പൽപ്പൂവിന് തിരക്കഥ രചിച്ചത് പെരുമ്പടവം ശ്രീധരനായിരുന്നെങ്കിൽ അവസാന ചിത്രമായ 'ഒരു ആട്ടോറിക്ഷാക്കാരന്റെ ഭാര്യ 'പ്രശസ്ത എഴുത്തുകാരനായ എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയായിരുന്നുവെന്നു മാത്രമല്ല, മുകുന്ദൻ ആദ്യമായി തിരക്കഥ രചിച്ചതും ആ ചിത്രത്തിനായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തിരക്കഥയിൽ ജാലകം എന്ന ചിത്രവുമെടുത്തു, എം.ടി. വാസുദേവൻ നായർ തിരക്കഥ രചിച്ച സുകൃതമാണ് ഹരികുമാറിലെ സംവിധായകനെ ദേശീയ പ്രശസ്തിയിലേക്ക് ഉയർത്തിയത്. ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡടക്കം അനവധി പുരസ്ക്കാരങ്ങൾ നേടിക്കൊടുത്ത ആ ചിത്രം ഹരികുമാറിന്റെ മാസ്റ്റർപീസായി വിലയിരുത്തപ്പെട്ടു. മമ്മൂട്ടിയായിരുന്നു നായകൻ. എം.ടി.യിലെ പത്രാധിപരുടെ ആത്മകഥാംശം ആ കഥാപാത്രത്തിൽ തുടിച്ചു നിന്നുവെന്ന് പറയാം. രോഗബാധിതനായി ഓഫീസിൽ നിന്നു മടങ്ങുന്ന പത്രാധിപർ അസുഖം ഭേദമായി തിരികെ എത്തുമ്പോൾ തന്നെക്കുറിച്ചെഴുതിവച്ച ചരമവാർത്ത കാണുന്ന ആ ചിത്രത്തിലെ രംഗം അവിസ്മരണീയമായിരുന്നു. കേരളകൗമുദിയുടെ തിരുവനന്തപുരം ഓഫീസിലാണ് ആ രംഗംചിത്രീകരിച്ചത്. നെടുമുടി വേണുവും പൂർണിമാ ജയറാമും നായകനും നായികയുമായ 'സ്നേഹപൂർവ്വം മീര'യായിരുന്നു ഹരികുമാറിന്റെ രണ്ടാമത്തെ ചിത്രം. ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. തന്നിലൊരു ചലച്ചിത്ര സംസ്കാരം വളർത്തിയെടുത്തത് ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു എന്ന് ഹരികുമാർ പറയുമായിരുന്നു.

മമ്മൂട്ടി, നെടുമുടിവേണു, ഭരത് ഗോപി എന്നിവർ അഭിനയിച്ച 'ഒരു സ്വകാര്യം' എന്ന ചലച്ചിത്രത്തോടെ ഹരികുമാറിലെ സംവിധായകന് ഡിമാന്റ് കൂടി. ഊഴം, ഉദ്യാന പാലകൻ, അയനം, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ,പുലി വരുന്നേ പുലി തുടങ്ങി എണ്ണംപറഞ്ഞ ഒരു പിടി ചിത്രങ്ങൾ. ചിത്രകലയിൽ അത്ഭുതം സൃഷ്ടിച്ച ക്ലിന്റെന്ന ബാലന്റെ ജീവിത കഥയും ഹരികുമാർ ചലച്ചിത്രമാക്കിയിരുന്നു. മകൾ ഗീതാഞ്ജലി കഥയെഴുതിയ ജ്വാലാമുഖിയും ഹരികുമാറിന്റെ ശ്രദ്ധേയ സൃഷ്ടിയായിരുന്നു.

ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ ഹരികുമാർ രണ്ട് തവണ അംഗമായി. കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായും മാക്ടയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. അവസരങ്ങൾ ഇല്ലാഞ്ഞിട്ടല്ല ഹരികുമാർ കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യാതിരുന്നത്. തനിക്കിണങ്ങുന്ന ചിത്രങ്ങൾ മതിയെന്ന ചിന്തയിലാണ് ഓരോ ചിത്രങ്ങൾക്കും ഇടയിൽ വലിയ ഇടവേള വന്നത്. കലാമൂല്യത്തിന് എന്നു മുൻഗണന നൽകി. കുറച്ചുനാളായി രോഗബാധിതരനായിരുന്നു. വീണ്ടും സിനിമയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കേരളകൗമുദിയുടെ ഉറ്റ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു. ഹരികുമാറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും പാവനസ്മരണയ്ക്ക് മുന്നിൽ അഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.

Advertisement
Advertisement