തിരിച്ചയച്ചതും തിരിച്ചുവിളിച്ചതും എം.ടി

Tuesday 07 May 2024 12:41 AM IST

തിരുവനന്തപുരം: അഭിമുഖത്തിനായെത്തിയ ഹരികുമാറിനെ മടക്കിയയച്ച എം.ടി. വർഷങ്ങൾക്കുശേഷം ഹരികുമാറിനുവേണ്ടി തൂലിക ചലിപ്പിച്ചപ്പോൾ പിറവികൊണ്ടത് മലയാളത്തിലെ മികച്ച ചലച്ചിത്രങ്ങളിലൊന്ന്. എം.ടിയുടെ തിരക്കഥയിൽ ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ 'സുകൃത'ത്തിലേക്ക് എത്തിയതിന് പിന്നിലൊരു കഥയുണ്ട്.
സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ ജനയുഗത്തിലും സിനിരമയിലും ചലച്ചിത്ര നിരൂപണവും ചലച്ചിത്രകാരന്മാരുടെ അഭിമുഖവും എഴുതിയ ഹരികുമാറിന് ഒരാഗ്രഹം, ഇതെല്ലാം ചേർത്ത് ഒരു പുസ്തകമാക്കണം. സിനിമാ സംവിധാനമെന്നത് മനസിൽ പോലും ഓർക്കാത്ത കാലത്താണ് പുസ്തകമെഴുതാൻ ഹരികുമാർ ഇറങ്ങിത്തിരിച്ചത്. എം.ടിയുടെ അഭിമുഖമെടുക്കാൻ കോഴിക്കോട് പോയെങ്കിലും നടന്നില്ല. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഒരുഗ്ലാസ് ചായയും കൊടുത്ത് ഹരികുമാറിനെ അദ്ദേഹം മടക്കിയയച്ചു.
പിന്നീട് വർഷങ്ങൾക്കുശേഷം ഹരികുമാർ മലയാള ചലച്ചിത്ര സംവിധായകനായി. എം.ടിയുടെ ഒരു കഥ സിനിമയാക്കണമെന്ന ആഗ്രഹത്തോടെ വീണ്ടും അദ്ദേഹത്തെ സമീപിച്ചു. തിരക്കുകൾക്കിടയിലും എം.ടി. ഒരു കഥ ഹരികുമാറിനായി എഴുതി. എന്നാൽ പിന്നീട് അദ്ദേഹം തന്നെ ആ കഥ വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നീടൊരു ദിവസം ലാൻഡ്‌ഫോണിൽ വിളിച്ച എം.ടി പുതിയ ഒരു വിഷയം മനസിലുണ്ടെന്ന് ഹരികുമാറിനോട് പറഞ്ഞു. മരണം ഉറപ്പായ ഒരാൾ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ അയാളുടെ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളും അടുത്ത ബന്ധുക്കളുടെ പ്രതികരണങ്ങളുമായിരുന്നു സുകൃതത്തിന്റെ ഇതിവൃത്തം.
ഒ.എൻ.വി. എഴുതിയ പാട്ടുകളും മമ്മൂട്ടിയുടെ അഭിനയമുഹൂർത്തങ്ങളുമെല്ലാം ചേർന്നപ്പോൾ 'സുകൃതം ' മലയാളിമനസിലെ നൊമ്പരമായി. മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച നടനുള്ള സംസ്ഥാന അവാർഡുമടക്കം നിരവധി അംഗീകാരങ്ങൾ സുകൃതത്തെ തേടിയെത്തി. ഹരികുമാറിന്റെ ചലച്ചിത്ര ജീവിതത്തിലെ നാഴികക്കല്ലായി ചിത്രം. ബോംബെ രവിക്ക് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലഭിച്ച 'കടലിന്നഗാധമാം നീലിമയിൽ"... എന്നതടക്കം ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽപ്പുണ്ട്.

Advertisement
Advertisement