കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന്റെ തിരിച്ചുവരവ് നീണ്ടേക്കും

Tuesday 07 May 2024 1:42 AM IST

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് കെ.സുധാകരന്റെ തിരിച്ചു വരവ് നീണ്ടേക്കും. വോട്ടെടുപ്പ് കഴിഞ്ഞതോടെ ചുമതല തിരികെ വേണമെന്ന ആവശ്യം അദ്ദേഹത്തിന്റെ ക്യാമ്പ് ഉന്നയിച്ചെങ്കിലും ഹൈക്കമാൻഡിൽ നിന്ന് കൃത്യമായ നിർദ്ദേശം ലഭിച്ചിട്ടില്ല. നിർദ്ദേശം ലഭിച്ചാലേ തലസ്ഥാനത്ത് മടങ്ങിയെത്തി ചുമതല ഏറ്റെടുക്കുകയുള്ളൂ.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യപനം വന്നശേഷം അധികാര കൈമാറ്റം മതിയെന്ന വാദവുമുണ്ട്. സുധാകരന് സ്ഥാനം തിരികെ നൽകാത്തതിൽ അദ്ദേഹത്തിന്റെ ക്യാമ്പിൽ അസ്വസ്ഥത പുകയുന്നുണ്ട്. തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന നേതൃയോഗത്തിൽ സംഘടനാ സംവിധാനം അഴിച്ചുപണിയണമെന്ന ആവശ്യം ഉയർന്നതും സുധാകരൻ ക്യാമ്പ് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. കെ.സി വേണുഗോപാൽ മത്സരിച്ച ആലപ്പുഴ മണ്ഡലത്തിലെ ചിലയിടങ്ങളിൽ കോൺഗ്രസിന് താഴേത്തട്ടിൽ ഏകോപനക്കുറവ് പ്രകടമായെന്നും പരാതികൾ ഉയർന്നിരുന്നു.പലയിടങ്ങളിലും മണ്ഡലം കമ്മിറ്റികൾക്ക്‌ പ്രസിഡന്റുമാർ ഇല്ലാതിരുന്നത് പാർട്ടി ഗൗരവമായാണ് കാണുന്നത്. ബൂത്ത് തലത്തിൽ സംഘടന ചലിപ്പിക്കാൻ സുധാകരൻ പ്രാവർത്തികമാക്കിയ സി.യു.സി സംവിധാനം എല്ലായിടത്തും ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ട് . പല ഡി.സി.സി പ്രസിഡന്റുമാരും സംവിധാനം നടപ്പാക്കുന്നതിൽ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്ന് പരാതി ഉയരുകയും ചെയ്തു. ഒറ്റയടിക്ക് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല അടിത്തട്ടിൽ ഉള്ളതെങ്കിലും പോരായ്മ പരിഹരിക്കാനുള്ള പഠനത്തിനും പാർട്ടി തയ്യാറെടുക്കുകയാണ്.

 ഹൈക്കമാൻഡിൽ പൂർണ്ണ വിശ്വാസം:സുധാകരൻ

ഹൈക്കമാൻഡിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് കെ.സുധാകരൻ വ്യക്തമാക്കി. പ്രസ്ഥാനത്തിനുവേണ്ടി ജീവൻ പണയം വെച്ച് പതിറ്റാണ്ടുകൾ പ്രവർത്തിച്ച താൻ ഒരിക്കലും സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. കെ.പി.സി.സി അദ്ധ്യക്ഷ പദവി ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാനങ്ങളും പ്രസ്ഥാനം നൽകിയതാണെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്ന സമയത്ത് മാത്രമേ അധ്യക്ഷ പദവി തിരികെ ഏറ്റെടുക്കുകയുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കി.

ധൃതിയും ആശങ്കയുമില്ല.പോളിംഗ് കഴിഞ്ഞ ഉടനെ അദ്ധ്യക്ഷ പദവിയിലേക്ക് തിരികെ എത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement