പൂഞ്ച് ആക്രമണം: 2 ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

Tuesday 07 May 2024 12:18 AM IST

 വിവരം നൽകുന്നവർക്ക് 20 ലക്ഷം

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട രണ്ടു പേരുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് സൈന്യം അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്.

ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മദ്ധ്യപ്രദേശ് സ്വദേശി സൈനികൻ വിക്കി പഹാഡെ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിർമ്മിത തോക്കുകളും ബുള്ളറ്റുകളുമാണ്.

മേയ് 25നാണ് പൂഞ്ചിൽ വോട്ടെടുപ്പ്. ഭീകരാക്രമണത്തെത്തുടർന്ന് അതീവ സുരക്ഷയിലാണ് മേഖല.

അതേസമയം ഭീകരാക്രമണം ബി.ജെ.പിയുടെ രാഷ്ട്രീയ നാടകമാണോയെന്ന വിവാദ പ്രസ്തവനയുമായി പഞ്ചാബ് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിംഗ് ചന്നി രംഗത്തുവന്നു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് 40 ജവാൻമാർക്ക് ജീവൻ നഷ്ടമായി. കേന്ദ്രസർക്കാരിന് ഇതുവരെ കുറ്റവാളികളെ കണ്ടെത്താനാവാത്തതെന്തെന്നും ചോദിച്ചു.

Advertisement
Advertisement