'എൻ.ടി.ആറിന്റെ മകൾ ഇതാ ഇവിടെ"

Tuesday 07 May 2024 12:22 AM IST

രാജമഹേന്ദ്രവരത്തിലെ വാടാപള്ളി. സമയം രാവിലെ 11 ആയുള്ളുവെങ്കിലും പൊള്ളുന്ന ചൂട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ഇവിടത്തെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ ദഗ്ഗുപതി പുരന്ദേശ്വരി പ്രചാരണത്തിനെത്തുമെന്ന് ബി.ജെ.പിയുടെ അറിയിപ്പ്. പക്ഷെ, ഒരു കൊടിപോലുമില്ല. മിനിട്ടുകൾ കഴിഞ്ഞപ്പോൾ ബൈക്കുകളുടെ കൂട്ട ഹോണടി. എല്ലാ വണ്ടികളിലും ബി.ജെ.പിയുടെ രണ്ട് കൊടികൾ.

തുറന്ന ജീപ്പിൽ ദഗ്ഗുപതി പുരന്ദേശ്വരി ചിരിച്ചുകൊണ്ട് കൈവീശുന്നു. വാഹനത്തിലെ അനൗൺസ്മെന്റ് 'രാമറാവു ഗാരി കുതുരു ഇഗോണ്ടി ഇവാല ഇക്കട" (എൻ.ടി.ആറിന്റെ മകൾ ഇതാ ഇവിടെ)

ജനക്കൂട്ടത്തെ കണ്ട് വാഹനം നിന്നു. നന്ദി പറഞ്ഞുകൊണ്ട് തുടക്കം. മോദി ഭരത ദേശനികി ഗർവ്വകാരണം അനി മിക്കു അനുമാനം ഉണ്ടാ? (മോദിയാണ് ഇന്ത്യയുടെ നായകൻ എന്ന കാര്യത്തിൽ നിങ്ങൾക്ക് സംശയം ഉണ്ടോ?)

ജനത്തിന്റെ മറുപടി: കാദു...കാദു (ഇല്ലാ... ഇല്ല)

മോദി വീണ്ടും വരാൻ തനിക്ക് വോട്ടു ചെയ്യണമെന്നഭ്യർത്ഥിച്ച് വാഹനം മുന്നോട്ട്. വാഹനത്തിൽ മോദിയുടെ ചിത്രത്തിനൊപ്പം ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ ചിത്രവും.

അച്ഛൻ സ്ഥാപിച്ച ടി.ഡി.പിയിൽ സജീവമാകാതെ കോൺഗ്രസിലൂടെയാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പുരന്ദേശ്വരി കടന്നത്.

2009ൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. പുരന്ദേശ്വരി വിജയിച്ചാൽ രാജമഹേന്ദ്രവരത്തിന് കേന്ദ്രമന്ത്രിയെ ലഭിക്കുമെന്ന തരത്തിലാണ് ബി.ജെ.പിയുടെ പ്രചാരണം.

ഉച്ചയായപ്പോൾ, പുരന്ദേശ്വരി എത്തിയത് രാജസ്ഥാൻ- ഗുജറാത്തി കുടുംബസംഗമ വേദിയിൽ. തകിലിന്റേയും നാദസ്വരത്തിന്റേയും അകമ്പടിയിൽ സ്വീകരണം. ജയ് ശ്രീ റാം വിളികൾ മുഴങ്ങി. കേന്ദ്രസർക്കാരിന്റ ഭരണ നേട്ടങ്ങളെ കുറിച്ചായിരുന്നു പുരന്ദേശ്വരിയുടെ പ്രസംഗം. നിയമസഭാ മണ്‌ഡലത്തിൽ മത്സരിക്കുന്ന ടി.ഡി.പി സ്ഥാനാർത്ഥി ആദിവാസു റെഡ്ഡി പ്രസംഗിച്ചു തുടങ്ങിയതുതന്നെ ജയ് ശ്രീ റാം എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ടായിരുന്നു.ഉത്തരേന്ത്യക്കാർ ധാരാളം ഉള്ള മണ്ഡലത്തിൽ രാജസ്ഥാൻ, ഗുജറാത്തുകാർക്കു മാത്രം 7,000 വോട്ടുകളുണ്ട്.

വിജയിക്കാനുള്ള പോരാട്ടം

വിജയിക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് താനെന്ന് പുരന്ദേശ്വരി കേരളകൗമുദിയോടു പറഞ്ഞു. ജനങ്ങളിൽ നിന്നുള്ള പ്രതികരണം പോസിറ്റീവാണ്, അവർ ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് രൂപീകരിച്ച സഖ്യത്തിന് പിന്തുണ നൽകുകയും ചെയ്യുന്നു

? ബി.ജെ.പി ആറു സീറ്റിൽ മാത്രമല്ലേ മത്സരിക്കുന്നത്

ആറ് ലോക്‌സഭാ സീറ്റിലും പത്ത് നിയമസഭാസീറ്റുകളിലും മത്സരിക്കുന്നു. ഒരു സഖ്യമാകുമ്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരും. എല്ലാവരും ഒരുമിച്ച് വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്നു.

?ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ധ്രുവീകരണം വൈ.എസ്.ആർ.സി.പിയെയും ടി.ഡി.പിയെയും കേന്ദ്രീകരിച്ചാണ്. ബി.ജെ.പിയെ എങ്ങനെയാണ് സ്വീകരിക്കുന്നത്.

ബി.ജെ.പി ആന്ധ്രയിലും മുന്നേറും. രാജമുണ്ട്രിയിൽ ചില ജനപ്രതിനിധികൾ താമര ചിഹ്നത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ടി.ഡി.പി-ബി.ജെ.പി സഖ്യത്തെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട്.

?സഹോദരൻ നന്ദമൂരി ബാലകൃഷ്ണ വിജയിക്കുമോ?

അദ്ദേഹവും വിജയിക്കാനായി കഠിനമായി അദ്ധ്വാനിക്കുന്നുണ്ട്.

Advertisement
Advertisement