ചൂടിൽ തളർന്ന് വിനോദസഞ്ചാരവും, മൃഗശാലയിൽ വരവ് പകുതി

Tuesday 07 May 2024 12:23 AM IST
1

തൃശൂർ: കൊടുംചൂടിൽ ഊട്ടിയും മൂന്നാറും വയനാടും അടക്കമുള്ള ശൈത്യമേഖലയിലേക്ക് വൻ ഒഴുക്കായതോടെ, ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് പകുതിയായി. തമിഴ്‌നാട്ടിൽ നിന്ന് അടക്കം ആയിരങ്ങളെത്തുന്ന തൃശൂർ മൃഗശാലയിൽ ഏപ്രിലിൽ വരുമാനം പാതിയായി. കഴിഞ്ഞ അവധിക്കാലത്ത് ഏപ്രിലിൽ മൃഗശാലയിൽ നിന്ന് മാത്രം ലഭിച്ചത് 14 ലക്ഷത്തിലേറെയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിലിൽ എട്ടുലക്ഷമായി ചുരുങ്ങി. പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളിലും സഞ്ചാരികൾ കുറഞ്ഞതായാണ് അനൗദ്യോഗിക വിവരം. പുത്തൂർ സുവോളജിക്കൽ പാർക്ക് ഈ വർഷം തുറക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും വൈകിയേക്കും.
കഴിഞ്ഞ ക്രിസ്മസ് അവധി സീസണിൽ വിനോദസഞ്ചാരികളുടെ വൻതിരക്കായിരുന്നു. പുത്തൂരിലേക്ക് കൊണ്ടുവരേണ്ടതിനാൽ മാസങ്ങളായി തൃശൂർ മൃഗശാലയിലേക്ക് മൃഗങ്ങളെ കൊണ്ടുവരാറില്ല. മൃഗശാല പുത്തൂരിലേക്ക് മാറ്റുമെന്ന പ്രചാരണം ശക്തമായതും സഞ്ചാരികളുടെ കുറവിന് കാരണമായെന്നാണ് വിവരം.

സാംസ്‌കാരിക സമുച്ചയം വരുമോ?

ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക് തുറക്കുന്നതോടെ, ചെമ്പുക്കാവിലെ മൃഗശാലയിൽ ആധുനിക മ്യൂസിയത്തിന് വഴിയൊരുങ്ങുമെന്ന് പല തവണ പ്രഖ്യാപിച്ചെങ്കിലും നടപടികളായിട്ടില്ല. നാടകങ്ങൾ അടക്കമുള്ള കലാസാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള സാംസ്‌കാരിക സമുച്ചയമാക്കി മാറ്റണമെന്ന ആവശ്യവും ഉയർന്നിരുന്നു. മ്യൂസിയത്തിൽ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിന് ഒട്ടേറെ സൗകര്യക്കുറവുണ്ട്.


2023 ഓണാവധിക്കാലം 7 ദിവസത്തെ വരുമാനം: 8,70,375
2022ലെ ഓണാവധിക്കാലം: 5,99,100
കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ മേയ് പത്ത് വരെ: 25 ലക്ഷം
കൊവിഡിന് മുൻപ് ശരാശരി മാസവരുമാനം: 12 ലക്ഷം
ഡിസംബർ 22 മുതൽ 30 വരെ: 5,83,860 രൂപ.


ചരിത്രം കുറിച്ച മൃഗശാല

നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ 1885ൽ പ്രവർത്തനം ആരംഭിച്ച മൃഗശാല ഇന്ത്യയിലെ പഴക്കമുള്ള ഒന്നാണ്. ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമായി വളർന്ന മൃഗശാല അങ്കണത്തിൽ പ്രകൃതിചരിത്ര കാഴ്ചബംഗ്ലാവും ശക്തൻതമ്പുരാൻ അടക്കം ഉപയോഗിച്ചിരുന്ന വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. പാമ്പുകളെ വളർത്താനായി പ്രത്യേകം തയ്യാറാക്കിയ മ്യൂസിയവുമുണ്ട്.

കഴിഞ്ഞ അവധിക്കാലത്ത് വൻതിരക്കാണ് മൃഗശാലയിലുണ്ടായത്. മറുനാടുകളിൽ നിന്നുള്ള വിനോദസഞ്ചാരികളും കൂടുതലായെത്തിയിരുന്നു

- ടി.വി. അനിൽകുമാർ, മൃഗശാല സൂപ്രണ്ട്.


2024 ഏപ്രിൽ

മൃഗശാല: 7,95,490 രൂപ
നാച്വറൽ ഹിസ്റ്ററി മ്യൂസിയം: 48,180
ആർട്ട് മ്യൂസിയം: 42,810
ത്രീഡി തിയേറ്റർ: 1,55,400
മറ്റുള്ളവ: 9,755
മൊത്തം: 10,51,635

2023 ഏപ്രിൽ

മൃഗശാല: 14,35,540
നാച്വറൽ ഹിസ്റ്ററി മ്യൂസിയം: 94,855
ആർട്ട് മ്യൂസിയം: 76,885
ത്രീഡി തിയേറ്റർ: 98,520
മറ്റുളളവ: 7010
മൊത്തം: 17,12,810

Advertisement
Advertisement