ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടിൽ ഇ.ഡി പരിശോധന, 30 കോടി പിടിച്ചെടുത്തു

Tuesday 07 May 2024 12:25 AM IST

റാഞ്ചി: ജാർഖണ്ഡിലെ ഗ്രാമീണ വികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ അലാമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടിൽ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 12 മണിക്കൂർ നടത്തിയ പരിശോധനയ്ക്കിടെ 30 കോടിയോളം രൂപ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ആറു നോട്ടെണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നത്. പരിശോധന തുടരുകയാണ്.

സഞ്ജീവിന്റെ വീട്ടിൽ ജോലി ചെയ്യുന്ന ജഹാംഗീറിന്റെ മുറിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ജാർഖണ്ഡ് ഗ്രാമവികസന വകുപ്പിലെ മുൻ ചീഫ് എൻജിനിയർ വീരേന്ദ്ര റാമുമായി ബന്ധപ്പെട്ട് ആറോളം സ്ഥലങ്ങളിൽ ഇ.ഡി നടത്തിയ പരിശോധനകളിലാണ് പണം കണ്ടെത്തിയത്. സർക്കാർ പദ്ധതികൾ നടപ്പാക്കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം റാം നിലവിൽ ഇ.ഡി കസ്റ്റഡിയിലാണ്.

എന്റെ ജോലി കള്ളപ്പണക്കാരെ തടയൽ: മോദി

സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. നോട്ടുകെട്ടുകളുടെ ഒരു മലയാണ് ജാർഖണ്ഡിൽ കണ്ടെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഒഡീഷയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഞാൻ അവരുടെ കൊള്ളയും മോഷണവും നിറുത്തിച്ചാൽ അവർ മോദിയെ അധിക്ഷേപിക്കില്ലേ? അധിക്ഷേപിച്ചാലും ഞാനെന്റെ ജോലി തുടരണ്ടേ? ഞാൻ ജനങ്ങളുടെ പണം ലാഭിക്കുകയല്ലേ വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടിൽ ഇതാണ് അവസ്ഥയെങ്കിൽ മന്ത്രിമാരുടെ വീടുകളിൽ എന്തായിരിക്കുമെന്ന് ജാർഖണ്ഡ് ബി.ജെ.പി അദ്ധ്യക്ഷൻ ബാബുലാൽ മറാണ്ടി പറഞ്ഞു.

 

 

Advertisement
Advertisement