തമിഴ്നാട് പൊലീസിന്റെ പോർട്ടൽ ഹാക്ക് ചെയ്തു

Tuesday 07 May 2024 12:40 AM IST

ചെന്നൈ: തമിഴ്‌നാട് പൊലീസിന്റെ ഫേഷ്യൽ റെക്കഗ്‌നീഷൻ സോഫ്റ്റ് വെയർ (എഫ്.ആർ.എസ്.) പോർട്ടൽ ഹാക്ക് ചെയ്തു. പോർട്ടലിൽ നിന്ന് ചോർത്തിയ ആളുകളുടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കു വെച്ചിട്ടുണ്ട്.

എഫ്.ആർ.എസ്. പോർട്ടൽ ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം വലേറി എന്ന ഹാക്കിങ് സംഘടന ഏറ്റെടുത്തു. സൈബർസുരക്ഷാ രംഗത്ത്‌ പ്രവർത്തിക്കുന്ന സ്ഥാപനമായ ഫാൽക്കൺഫീഡ്‌സാണ് പോർട്ടൽ ഹാക്ക് ചെയ്യപ്പെട്ട വിവരം വെളിപ്പെടുത്തിയത്. എഫ്.ഐ.ആറുകളെപ്പറ്റിയുള്ള 8.9 ലക്ഷം രേഖകളും പൊലീസുകാരെപ്പറ്റിയുള്ള 55,000 രേഖകളും പൊലീസ് സ്റ്റേഷനുകളെപ്പറ്റിയുള്ള 2,700 രേഖകളുമാണ് ചോർത്തിയതെന്ന് ഫാൽക്കൺഫീഡ്‌സ് പറയുന്നു.

അതേസമയം ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ യൂസർ നെയ്മും പാസ്‌വേഡും ഉപയോഗിച്ചാണ് പോർട്ടലിൽ ഹാക്കർമാർ കയറിയതെന്നും കുറച്ച് വിവരങ്ങൾ മാത്രമേ ചോർത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നും തമിഴ്നാട് പൊലീസ് പറഞ്ഞു. പോർട്ടലിൽ നിന്ന് ചോർത്തിയ വിവരങ്ങൾ ഹാക്കർമാർ ദുരുപയോഗം ചെയ്താൽ ഇത് സൈബർ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ തമിഴ്നാട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.

2021 ഒക്ടോബറിൽ ആരംഭിച്ച പോർട്ടലിൽ, ചിത്രങ്ങളും പേരുകളും എഫ്.ഐ.ആർ നമ്പറുകളും പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും ഉൾപ്പെടെ 60 ലക്ഷത്തിലധികം വ്യക്തികളുടെ രേഖകളുണ്ട്. കൊൽക്കത്ത സിഡാക് ആണ് പോർട്ടൽ വികസിപ്പിച്ചത്.

Advertisement
Advertisement