സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതി; കൂടുതൽ രാജ്‌ഭവൻ ജീവനക്കാർക്കെതിരെ പരാതിക്കാരി രംഗത്ത്

Tuesday 07 May 2024 11:30 AM IST

ന്യൂഡൽഹി: ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിക്ക് പുറമെ കൂടുതൽ രാജ്‌ഭവൻ ജീവനക്കാർക്കെതിരെ പരാതിക്കാരി രംഗത്ത്. മൂന്ന് ജീവക്കാർക്കെതിരെകൂടി യുവതി പരാതി നൽകി. രാജ്‌ഭവനിലെ മുറിയിൽ അടച്ചിട്ടെന്നും ഫോൺ തട്ടിപ്പറിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്.

രാജ്ഭവനിലെ ഒ എസ് ഡി (ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി), പ്യൂൺ, പാൻട്രി ജീവനക്കാർക്കെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഗവർണർക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

ഗവർണറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിന് പിന്നാലെ രാജ്‌ഭവനിൽ നിന്ന് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിച്ചെന്നും എന്നാൽ മൂന്ന് ജീവനക്കാരും ചേർന്ന് തടഞ്ഞുവെന്നും പൊലീസിൽ പരാതി നൽകാൻ തുനിഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. ഒ എസ് ‌ഡിയാണ് തന്നെ ഭീഷണിപ്പെടുത്തിയത്. പാൻട്രി ജീവനക്കാരനും പ്യൂണും ചേർന്ന് മുറിയിൽ പൂട്ടിയിടുകയും ഫോൺ തട്ടിപ്പറിക്കുകയും ചെയ്തുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയിലെ വിശദാംശങ്ങളും മൊഴിയും രേഖപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. മൂന്ന് ജീവനക്കാർക്കും ഉടൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് പൊലീസ്.

ലൈംഗികാരോപണക്കേസിലെ പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് സി.വി ആനന്ദ ബോസ് രാജ്ഭവൻ ജീവനക്കാർക്ക് കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ഗവർണർക്ക് ക്രിമിനൽ നടപടികളിൽ നിന്നുള്ള പരിരക്ഷ ചൂണ്ടിക്കാട്ടിയാണ് കേസിൽ പൊലീസിന്റെ ആശയവിനിമയം അവഗണിക്കാൻ ആനന്ദബോസ് നിർദ്ദേശിച്ചത്. അതേസമയം രാജ്ഭവന്റെ നിസഹകരണം രാഷ്‌ട്രപതിയെ അറിയിക്കാനൊരുങ്ങുകയാണ് മമതാ ബാനർജി സർക്കാർ.