വെന്തുനീറി കാർഷികമേഖല, നെഞ്ച് കലങ്ങി കർഷകർ

Wednesday 08 May 2024 1:01 AM IST

വൈക്കം : കടുത്ത വേനലിൽ വെള്ളത്തിന് ദൗർലഭ്യം നേരിടുന്നതിനൊപ്പം കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതും വൈക്കത്തെ കാർഷിക മേഖലയുടെ അടിത്തറ ഇളക്കുന്നു. പച്ചക്കറി - ഏത്തവാഴ കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. ജലാശയങ്ങളിൽ ഉപ്പുവെള്ളത്തിന്റെ അളവ് കൂടിയതാണ് കൃഷിയിടങ്ങളിൽ വെള്ളമില്ലാതെ കൃഷി നശിക്കാൻ കാരണം. ചെമ്പ് ഏനാദി സ്വദേശി ശിവദാസന്റെ 6 മാസമെത്തിയ 275 വാഴകളാണ് ഒടിഞ്ഞു വീണ് നശിച്ചത്. ഏറെയും കുലച്ചവയാണ്. ഇത്തവണ കൂടുതൽ അളവിൽ ഓരു വെള്ളമെത്തിയെന്നാണ് കർഷകർ പറയുന്നത്. ഒപ്പം കൃഷിയിടത്തിൽ വെള്ളമെത്തിക്കാൻ മറ്റ് മാർഗ്ഗങ്ങളുമില്ലാതായി. സമീപ വീട്ടിലെ കിണറുകളായിരുന്നു ഏക ആശ്രയം. അതും വറ്റിയതോടെ പ്രതീക്ഷകൾ പൊലിഞ്ഞു. വാഴകൾ ഓരോന്നായി ഒടിഞ്ഞ് വീണ് തുടങ്ങിയതോടെ ശിവദാസൻ കൃഷി ഉപേക്ഷിച്ചു. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കൃഷി നശിച്ചാൽ ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത ഒഴിവാക്കാൻ പലരും വില കൊടുത്ത് വെള്ളം വാങ്ങി കൃഷി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഭൂരിഭാഗം കർഷകരും കൃഷിയ്ക്കായി പുഴകളെയും ഇടത്തോടുകളെയുമാണ് ആശ്രയിക്കുന്നത്.

കൃഷി നാശം കൂടുതൽ ഇവിടെ

ചെമ്പ്

തുരുത്തുമ്മ

ബ്രഹ്മമംഗലം

ഏനാദി

കണ്ണീർ‌പ്പാൽ ചുരന്ന് ക്ഷീരകർഷകർ

വേനൽ ചൂട് കടുത്തതോടെ പാലുത്പാദനത്തിലുണ്ടായ കുറവ് ക്ഷീരകർഷകരെയും തളർത്തി. കുടവെച്ചൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ പാലളക്കുന്ന ഷാജിയ്ക്ക് ദിവസം 12 ലിറ്റർ പാലിന്റെ കുറവാണുള്ളത്. 32 വർഷമായി പശു വളർത്തലിൽ സജീവമായ ഷാജിയ്ക്കും കുടുംബത്തിനും കാലിത്തീറ്റ വിലവർദ്ധനയ്ക്ക് പുറമെ പച്ചപ്പുല്ല് ക്ഷാമവും വെല്ലുവിളിയായി. എട്ട് പശുക്കളുണ്ടായിരുന്നത് ഇപ്പോൾ മൂന്നായി. കുടവെച്ചൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ 40 കർഷർ പാലളന്നിരുന്നത് ഇരുപതായി കുറഞ്ഞു. ദിവസേന 250 ലിറ്റർ പാലളന്നിരുന്ന സംഘത്തിലെത്തുന്നത് 180 ലിറ്ററാണ്. മാർച്ച് പകുതി മുതലാണ് കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്.

സംഘങ്ങളിലെ പാൽ അളവ്

കഴിഞ്ഞ വർഷം മാർച്ചിൽ : 9000 ലിറ്റർ

 ഈ വർഷം മാർച്ചിൽ : 6000 ലിറ്റർ

വൈക്കത്ത് : 18 ക്ഷീരോത്പാദക സംഘം

ആയിരത്തിൽ നിന്ന് 150 ലേക്ക്

വെച്ചൂർ പശുവിന്റെ നാടായ വെച്ചൂർ പഞ്ചായത്തിൽ മാത്രം ആയിരത്തോളം ക്ഷീര കർഷകരുണ്ടായിരുന്നത് 150 ആയി കുറഞ്ഞു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം എത്തി പ്രതിസന്ധി വിലയിരുത്തിയിരുന്നു. മേഖലയിൽ സർക്കാർ സംവിധാനങ്ങളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

''മാർച്ച് പകുതി മുതലാണ് പാലുത്പാദനത്തിൽ വൻ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. വെള്ളത്തിന്റെ ക്ഷാമം കാരണം പച്ചക്കറികൾ കരിഞ്ഞുണങ്ങുകയാണ്. ഇതോടൊപ്പമാണ് ഓരുവെള്ള ഭീഷണിയും. കടം വാങ്ങി കൃഷിയിറക്കിയവർ വൻ സാമ്പത്തിക ബാദ്ധ്യതയിലാണ്.

രമേശൻ, കർഷകൻ

Advertisement
Advertisement