മുഖം മിനുക്കി വെളിവിളാകം കുളം

Wednesday 08 May 2024 1:12 AM IST

വക്കം: പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ കാടുപിടിച്ച് നാശത്തിന്റെ വക്കിലായ വക്കം വെളിവിളാകം ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇറിഗേഷൻ വകുപ്പും ശുചിത്വ മിഷനും സംയുക്തമായി 12 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കുളം കാടുപിടിച്ച് നശിക്കുന്നത് ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇതിനെത്തുടർന്ന് വക്കം പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ശാന്തമ്മയുടെ പരിശ്രമഫലമായി കേന്ദ്ര ധനകാര്യ ഫണ്ടിൽ നിന്ന് കുളം നവീകരിക്കുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. കുളത്തിലെ വെള്ളവും ചെളിയും പൂർണമായി നീക്കം ചെയ്ത് കുളത്തിൽ കല്പടവുകൾ കെട്ടി, കുളത്തിൽ നിന്നും പുറത്തേക്ക് വെള്ളം പോകുന്ന ഭാഗത്ത് മണ്ണിടിച്ചിൽ തടയാൻ സംരക്ഷണ ഭിത്തിയും കെട്ടി അടിഭാഗം പാറപാകിയുമാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. വേനൽക്കാലങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ വക്കത്ത് സുലഭമായി വെള്ളം നൽകിക്കൊണ്ടിരുന്ന കുളം നവീകരിച്ച് സംരക്ഷിക്കുകയെന്നത് ഗ്രാമത്തിന്റെ മുഴുവൻ ആവശ്യമായിരുന്നു.

 നാശത്തിന് കാരണം

കുളത്തിലേക്ക് ഇറങ്ങാൻ കൽപ്പടവ് കെട്ടാതെയും മലിനജലം പുറത്തേക്ക് പോകുന്നതിനുള്ള സംവിധാനങ്ങൾ ഇല്ലാതെയും നിർമ്മിച്ചതിനാലാണ് കുളത്തിൽ ചെളി നിറഞ്ഞ് കാടുകയറി നശിച്ചത്. പായലും ചെളിയും നിറഞ്ഞ കുളം വൃത്തിയാക്കുന്നതിനായി പലരും മുന്നോട്ടു വന്നെങ്കിലും കുളത്തിലെ ചെളി പൂർണമായും മാറ്റാൻ കഴിയാത്തത് നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തെ സാരമായി ബാധിച്ചു. നവീകരിച്ച കുളത്തിൽ കുട്ടികൾക്ക് നീന്തൽപരിശീലനം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വാർഡ് മെമ്പർ ശാന്തമ്മ പറഞ്ഞു.

 ഇനി വേണ്ടത്

കുളത്തിൽ നിന്നും പുറത്തേക്ക് പോകുന്ന വെള്ളം ചെന്നെത്തുന്ന തോടിന്റെ ആഴം കൂട്ടി തോട് വൃത്തിയാക്കി വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള സൗകര്യമൊരുക്കണം. കുളം നിർമ്മിച്ചിരിക്കുന്ന അടിവശത്ത് ബെൽറ്റ് കെട്ടണം.

Advertisement
Advertisement