മനോഹരമാകും കോതകുളം

Wednesday 08 May 2024 12:59 AM IST

മുഹമ്മ: മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ വടക്കേ തറമൂടിന് സമീപത്തെ കോതകുളത്തിന്റെ നവീകരണം അവസാന ഘട്ടത്തിൽ. കാവുങ്കൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് കുളമെങ്കിലും ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് മാത്രമാണ്

ഉപയോഗിക്കാറ്.ബാക്കിയുള്ള മുഴുവൻ സമയവും നാട്ടുകാരാണ് കോതകുളത്തിന്റെ ഉപയോക്താക്കൾ.കുളത്തിന്റെ നവീകരണത്തിന് ഭൂവികസനം കോർപ്പറേഷൻ 86 ലക്ഷം രൂപ അനുവദിച്ചിരുന്നു. നവകേരള മിഷന്റെ ഭാഗമായുള്ള നീർത്തട സംരക്ഷണ പദ്ധതി പ്രകാരമായിരുന്നു നവീകരണം. മഴക്കാലത്ത് പതിനായിരക്കണക്കിന് ലിറ്റർ വെള്ളം സംഭരിക്കാൻ കോതകുളത്തിന് ശേഷിയുണ്ട്. ഇത് പരിസരപ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പ് വർദ്ധിപ്പിക്കാൻ സഹായിക്കും. എല്ലാ ഉത്സവകാലത്തും ആചാരത്തിന്റെ ഭാഗമായി

കുളം ശുചീകരിക്കാറുണ്ട്. അതുകൊണ്ടുതന്നെ എന്നും ഇവിടെ നിറയുന്നത് തെളിനീരാണ്.

മന്ത്രി പി.പ്രസാദ്,​ ഭൂവികസന കോർപ്പറേഷൻ ചെയർമാൻ പി.വി.സത്യനേശൻ എന്നിവരോട് നാട്ടുകാരും കാവുങ്കൽ ക്ഷേത്ര ഭാരവാഹികളും നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ് കുളത്തിന്റെ നവീകരണം നടന്നത്.

മൂന്ന് കുളിക്കടവുകൾ

1600 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള കുളത്തിന്റെ ആഴം കൂട്ടി,​ ചുറ്റും കരിങ്കൽ ഭിത്തി നിർമ്മിച്ചു. മൂന്ന് കുളിക്കടവുകളാണ് പുതുതായി നിർമ്മിച്ചത്. നടുഭാഗം ക്ഷേത്ര ചടങ്ങുകൾക്കും ഇരു വശങ്ങളും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ തക്ക വിധത്തിലാണ് നവീകരണം.

കൽപ്പടവുകളുടെ കൈവരിയും കുളത്തിന് ചുറ്റും ടൈൽ പാകലും നടപ്പാതയുടെയും ഇരിപ്പിടത്തിന്റെയും ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.


..............................................................................................

കുളത്തിന്റെ ഇരിപ്പിടത്തോട് ചേർന്ന് ക്ഷേത്രച്ചെലവിൽ പൂന്തോട്ടം നിർമ്മിക്കും. ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും ആരോഗ്യകരവുമായ പൂച്ചെടികളായിരിക്കും നട്ടുപിടിപ്പിക്കുക

വി.സി.വിശ്വമോഹൻ,​ കാവുങ്കൽ ദേവസ്വം പ്രസിഡന്റ്

Advertisement
Advertisement