കരാർ തള്ളി ഇസ്രയേൽ; റാഫയിൽ ആക്രമണം

Wednesday 08 May 2024 12:13 AM IST

ടെൽ അവീവ്: ഹമാസ് അംഗീകരിച്ച വെടിനിറുത്തൽ കരാർ തള്ളിയ ഇസ്രയേൽ ഗാസ - ഈജിപ്റ്റ് അതിർത്തി കവാടമായ റാഫ പിടിച്ചെടുത്ത് ആക്രമണം രൂക്ഷമാക്കുന്നു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മദ്ധ്യസ്ഥത്തിലുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കുന്നതായി ഹമാസ് നേതാവ് ഇസ്‌മായിൽ ഹനിയെ അറിയിച്ചതിന് പിന്നാലെ തങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിക്കുകയും വെടിനിർത്തൽ നിർദ്ദേശം ഇസ്രയേലിന്റെ യുദ്ധ കാബിനറ്റ് നിരസിക്കുകയും ചെയ്തു.

ഹമാസിനെതിരായ ആ​ക്രമണങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ തിങ്കളാഴ്ച രാത്രി തന്നെ റാഫയിലേക്ക് സൈന്യത്തെ നിയോഗിക്കുകയായിരുന്നു.ഇതോടെ ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമമാകുമെന്ന പ്രതീക്ഷ അസ്തമിച്ചു. കയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിൽ തങ്ങൾക്ക് സ്വീകാര്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ പ്രതിനിധി സംഘത്തെ അയക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.

ഈജിപ്തും ഖത്തറും അമേരിക്കയും ചേ‌ർന്ന് തയ്യാറാക്കിയതാണ് മൂന്ന് ഘട്ടങ്ങളിലായുള്ള വെടിനിർത്തൽ കരാർ. കരാർ അംഗീകരിക്കുന്നതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയെയും ഈജിപ്ഷ്യൻ ഇന്റലിജൻസ് മന്ത്രി അബ്ബാസ് കമാലിനെയും ഹനിയ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇസ്രയേൽ വെടിനിറുത്തുന്നതിനൊപ്പം ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളാണ് കരാറിലുള്ളത്. എന്നാൽ ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ ഉണ്ടായാലും ഇല്ലെങ്കിലും റാഫയിൽ ആക്രമണം നടത്തുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിൽ പലായനം ചെയ്ത പത്ത് ലക്ഷത്തോളം പാലസ്തീനികളാണ് ഇപ്പോൾ റാഫയിൽ നരകയാതനയിൽ കഴിയുന്നത്. അവിടെ രൂക്ഷമായ വ്യോമാക്രമണാണ് ഇസ്രയേൽ നടത്തിയത്. ഒപ്പം കരസേനയും പീരങ്കിപ്പടയും അണിനിരന്നു.ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.

റാഫയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ജനങ്ങളിൽ സമ്മർദം തുടരുകയാണ് ഇസ്രയേൽ. റാഫ ഇസ്രയേൽ നിയന്ത്രണത്തിലായതോടെ ഗാസയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനാവാതെ വരും. ഗാസയിലേക്കുള്ള മറ്റൊരു കവാടമായ കെരെം ഷാലോമും അടച്ചിട്ടിരിക്കയാണ്. റാഫയിൽ ആക്രമണം നടത്തുന്നത് കൊടിയ മനുഷ്യ ദുരന്തമുണ്ടാക്കുമെന്ന ഐക്യരാഷ്‌ടസഭയുടെ മുന്നറിയിപ്പും ഇസ്രയേൽ തള്ളിയിരിക്കയാണ്.

ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിനെ തുടർന്ന് ആഘോഷവുമായി ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. അതിന് പിന്നാലെ ഏകപക്ഷീയമായി ഇസ്രയേൽ ആക്രമണം നടത്തുകയായിരുന്നു.

വ്യവസ്ഥകൾ

ഹമാസ് അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ എല്ലാം വ്യക്തമായിട്ടില്ല.ആദ്യഘട്ടത്തിൽ ആറാഴ്ച വെടി നിർത്തുമെന്നും ഇക്കാലയളവിൽ സ്ത്രീകളും കുട്ടികളും പരിക്കേറ്റവരും ഉൾപ്പെടെ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് അറിയുന്നത്. അടുത്ത ഘട്ടങ്ങളിൽ ഇസ്രയേൽ വെടിനിർത്തൽ നീട്ടുകയും ജയിലുകളിലുള്ള പാലസ്തീനികളെ മോചിപ്പിക്കുകയും ചെയ്യണം. പലായനം ചെയ്‌ത പാലസ്തീനികളെ വടക്കൻ ഗാസയിലേക്ക് മടങ്ങാൻ അനുവദിക്കണം. ഒപ്പം ജീവകാരുണ്യ സഹായങ്ങളും അനുവദിക്കണം.

Advertisement
Advertisement