മെറ്റ് ഗാലയ്ക്കിടെ പ്രതിഷേധവുമായി പാലസ്തീൻ അനുകൂലികൾ

Wednesday 08 May 2024 12:17 AM IST

ന്യൂയോർക്ക്: മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഭാഗമായി നടത്തിയ വാർഷിക ധനസമാഹരണ പരിപാടിക്കിടെ പാലസ്തീൻ അനുകൂല പ്രക്ഷോഭകർ മെറ്റ് ഗാലയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. 'ഗാസയിൽ ബോംബ് വീഴുമ്പോൾ മെറ്റ് ഗാല നടത്തരുത്' എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

പാലസ്തീൻ അനുകൂല പ്രക്ഷോഭകർ സെൻട്രൽ പാർക്കിലെ ഒന്നാം ലോക മഹായുദ്ധത്തിന്റെ സ്മാരകം നശിപ്പിക്കുകയും അമേരിക്കൻ പതാക കത്തിക്കുകയും ചെയ്തു.

പ്രതിഷേധം അതിരുകടന്ന സാഹചര്യത്തിൽ മെറ്റ് ഗാല വേദിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ ന്യൂയോർക്ക് സിറ്റി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ആറരയോടെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ തുടങ്ങിയത്. എന്നാൽ, തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ആളുകളുടെ എണ്ണം പുറത്ത് വിട്ടിട്ടില്ല.

ഗാസയിലെ ഇസ്രയേൽ-ഹമാസ് യുദ്ധത്തിനെതിരെ യു.എസിലുടനീളമുള്ള പ്രധാന സർവകലാശാലകളിലും കോളജുകളിലും നടന്നു കൊണ്ടിരിക്കുന്ന പ്രകടനങ്ങൾക്കിടെയാണ് തിങ്കളാഴ്ച രാത്രി പ്രതിഷേധം നടന്നത്. ഏപ്രിൽ പകുതി മുതൽ 2,400-ലധികം പ്രതിഷേധക്കാരെ ന്യൂയോർക്ക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement
Advertisement