ഇടക്കാല ജാമ്യം പരിഗണിക്കുന്നത് പ്രചാരണത്തിനായി ഔദ്യോഗിക കൃത്യനിർവഹണം പറ്റില്ല; കേജ്‌രിവാളിനോട് സുപ്രീംകോടതി

Wednesday 08 May 2024 12:07 AM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കണമോയെന്ന വിഷയം പരിഗണിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമാണെന്നും ഔദ്യോഗിക കൃത്യനിർവഹണം പറ്റില്ലെന്നും സുപ്രീംകോടതി. മദ്യനയക്കേസിലെ ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്‌ത് കേജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് ജസ്റ്രിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേജ്‌രിവാൾ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക ജോലികൾ നിർവഹിച്ചാൽ അത് മോശം പ്രതിഫലനങ്ങളുണ്ടാക്കുമെന്ന് നിലപാടെടുത്തു. ഇടക്കാല ജാമ്യം നൽകുകയാണെങ്കിൽ, കേജ്‌രിവാൾ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി അറിയിച്ചു. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല എന്ന കാരണം പറഞ്ഞ് ഒരു പദ്ധതിയും ലെഫ്റ്റനന്റ് ഗവർണർ തടയരുതെന്നും കേജ്‌രിവാൾ ഉപാധിവച്ചു. ഇടക്കാല ജാമ്യം നൽകുന്നതിനെ അതിശക്തമായി കേന്ദ്രസർക്കാരും ഇ.ഡിയും ഇന്നലെ എതിർത്തു. ഉച്ചയ്ക്ക് 2.30ന് വിധി പറയുമെന്ന് ആദ്യം വ്യക്തമാക്കിയിരുന്നെങ്കിലും ഇ.ഡിയുടെ വാദം നീണ്ടതിനാൽ നാളെയോ അടുത്തയാഴ്‌ചയോ കേസ് വീണ്ടും പരിഗണിക്കാമെന്നാണ് കോടതി നിലപാട്. ഇതിനിടെ, കേജ്‌രിവാളിന്റെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി ഡൽഹി റോസ് അവന്യു കോടതി ഈ മാസം 20 വരെ നീട്ടി.

അസാധാരണ സാഹചര്യം

തിരഞ്ഞെടുപ്പ് സമയമാണെന്നും കേജ്‌രിവാൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയുടെ മുഖ്യമന്ത്രിയാണെന്നും കോടതി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. അസാധാരണ സാഹചര്യമാണിത്. വിശാലമായ കാഴ്‌ചപ്പാട് സ്വീകരിക്കേണ്ട വിഷയമാണെന്നും കേജ്‌രിവാൾ സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2022 നവംബർ 12നാണ് കേജ്‌രിവാളിന്റെ പങ്ക് അന്വേഷണ ഏജൻസികൾക്ക് ബോദ്ധ്യപ്പെട്ടത്. എന്നിട്ടും അന്വേഷണം നീണ്ടത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.

 രാഷ്ട്രീയക്കാർ പ്രത്യേക വിഭാഗമല്ല

കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കേജ്‌രിവാൾ പ്രചാരണത്തിന് പോയില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല. ഒൻപത് തവണ സമൻസ് നൽകിയിട്ടും ഹാജരായില്ല. ഇടക്കാല ജാമ്യം നൽകിയാൽ മോശം സന്ദേശമാകും. സാധാരണ പൗരന്മാരിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയനേതാക്കളെ പ്രത്യേക വിഭാഗമായി പരിഗണിക്കരുത്. തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കേജ്‌രിവാളിന് ജാമ്യം നൽകിയാൽ, ജയിലിൽ കിടക്കുന്ന കർഷകർക്ക് വിളവെടുപ്പിന്റെ കാരണം പറഞ്ഞ് ജാമ്യം നൽകേണ്ടി വരില്ലേയെന്ന് ചോദിച്ചു. അഞ്ചു വർഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പെന്നും ആറുമാസത്തിലൊരിക്കൽ വരുന്ന വിളവെടുപ്പുമായി താരമത്യം ചെയ്യാനാകില്ലെന്നും കോടതി പ്രതികരിച്ചു.

Advertisement
Advertisement