ജമ്മു കാശ്‌മീരിൽ 3 ഭീകരരെ വധിച്ചു

Wednesday 08 May 2024 1:26 AM IST

ശ്രീനഗർ: ജമ്മു കാശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. കുൽഗാമിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്‌ച പുലർച്ചെയാണ് മേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചത്. ഭീകരർ സുരക്ഷാനേനയ്ക്കു നേരെ വെടിയുതിർക്കുകയും സേന തിരിച്ചടിക്കുകയുമായിരുന്നു.

കൂടുതൽ ഭീകരർ ഉണ്ടെന്ന വിവരത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും വീണ്ടെടുക്കാനും സാധിച്ചിട്ടില്ല. നടപടികൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കിയിരുന്നു.

ഏപ്രിൽ 28ന് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് സ്‌ക്വാഡ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കത്വ ജില്ലയിൽ സുരക്ഷാ ഏജൻസികൾ തെരച്ചിൽ വ്യാപകമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരർ പ്രദേശത്ത് തമ്പടിക്കുന്നതായി ഏപ്രിൽ 29ന് അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് (ജമ്മു സോൺ) ആനന്ദ് ജെയിൻ പറഞ്ഞിരുന്നു. അനന്ത്‌നാഗ് - രജൗരി മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ പ്രചാരണം നടത്തുന്നതിനിടെയാണ് കുൽഗാമിലെ ഏറ്റുമുട്ടൽ. കുൽഗാം ഈ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.

Advertisement
Advertisement