പ്രശസ്ത ചലച്ചിത്ര സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

Wednesday 08 May 2024 5:31 PM IST

മുംബയ്: പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ (65)​ അന്തരിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. യോദ്ധ,​ ഗാന്ധർവം,​ നിർണയം ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാളത്തിന് പുറമെ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളിനെ നായകനാക്കി 'സോർ' എന്ന ചിത്രമാണ് ഹിന്ദിയിൽ ആദ്യമായി സംവിധാനം ചെയ്തത്. തുടർന്ന് എട്ടോളം ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായിരുന്നു.

പ്രശസ്‌ത സംവിധായകൻ ശിവന്റെയും ചന്ദ്രമണിയുടെയും മകനായി 1959ലാണ് സംഗീത് ശിവൻ ജനിച്ചത്. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി. 'ജോണി'ക്ക് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.

ഭാര്യ - ജയശ്രീ, മക്കൾ - സജ്ന, ശന്തനു. പ്രശസ്ത സംവിധായകും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്.