ഇരിക്കേണ്ടിടത്ത് ഇരിക്കണം...

Thursday 09 May 2024 12:40 AM IST

സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. ജലസംഭരണികളിൽ വെള്ളത്തിന്റെ നിരപ്പ് ആശങ്കാകരമായി താഴുന്നു, പല സ്ഥലങ്ങളിലും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു,വെന്തുരുകുന്ന പകൽചൂടിൽ പുറത്തിറങ്ങാനാവാതെ ജനങ്ങൾ നട്ടംതിരിയുന്നു... മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഒരു സാഹചര്യത്തെയാണ് കൊച്ചുകേരളം മറികടക്കാൻ പൊരുതുന്നത്. രാജ്യത്തിന്റെ ഭാവിഭരണം ആര് കൈയ്യാളണമെന്ന് നിശ്ചയിക്കാനുള്ള ഒരു തിരഞ്ഞെടുപ്പും ഇതിനിടെ കഴിഞ്ഞു. ഇത്രയും സങ്കീർണവും ആശങ്കാകരവുമായ ഒരു സാഹചര്യം നിലനിൽക്കുമ്പോഴും കേരളത്തിലെ അച്ചടിദൃശ്യ മാദ്ധ്യമങ്ങളുടെ കഴിഞ്ഞ ഒരാഴ്ചയിലെ സുപ്രധാന വാർത്തകളിലൊന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കവും കേസുമാണ്.

നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. പൊതുരംഗത്ത് ഏർപ്പെടുന്നവർക്ക് അവർ ഏർപ്പെടുന്ന മേഖലയുടെയോ കൈയ്യാളുന്ന പദവിയുടെയോ അടിസ്ഥാനത്തിൽ ആദരവും അധികാരവും ചില പ്രത്യേക പരിഗണനകളും കിട്ടിയേക്കാം, അല്ല കിട്ടണം. അത് മറ്റുള്ളവർ അംഗീകരിക്കുകയും വേണം. ഒപ്പം താൻ താനിരിക്കുന്ന പദവിയുടെയോ വഹിക്കുന്ന ചുമതലയുടെയോ കൈവശമുള്ള അധകാര സ്ഥാനത്തിന്റെയോ മഹത്വവും പവിത്രതയും കാത്തുസൂക്ഷിക്കുകയെന്നത് അതിലും പരമ പ്രധാനവുമാണ്. ഇരിക്കേണ്ടിടത്ത് ഇരുന്നെങ്കിലേ ചില കാര്യങ്ങൾ ചെയ്യേണ്ടവർ ചെയ്യൂ എന്നൊരു ചൊല്ലുണ്ട്. ഇതു മനസിലാക്കാൻ വിദേശ സർവകലാശാലകളിലെ ഡോക്ടറേറ്റ് ഒന്നും വേണ്ട, സാമാന്യ ബോധം മതി. ചൂട് വാർത്തകൾ തേടിപ്പോവുന്ന മാദ്ധ്യമങ്ങളെ ഒരുവിധത്തിലും കുറ്റപ്പെടുത്താനാവില്ല, കാരണം പുതിയ വാർത്തകൾ നൽകിയില്ലെങ്കിൽ അവർ തമസ്‌കരിക്കപ്പെടും. പൊതുവേദികളിൽ നിന്ന് ഓരോന്നു കാട്ടിക്കൂട്ടുമ്പോൾ തങ്ങൾ ഏതെങ്കിലും മാദ്ധ്യമത്തിന്റെയോ സോഷ്യൽ മീഡിയയുടെയോ കണ്ണുകൾക്കുള്ളിലാണെന്ന സത്യം വിസ്മരിക്കരുത്. കുറഞ്ഞ പക്ഷം പൊതുപ്രവർത്തകരും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരെങ്കിലും.

മേയർ ഡ്രൈവർ തർക്കത്തിൽ കുറ്റാരോപിതനായ ഡ്രൈവർ ചില വാദങ്ങൾ നിരത്തുന്നുണ്ട്. അയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയർക്കും ഭർത്താവായ എം.എൽ.എയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റുചിലർക്കുമെതിരെ പൊലീസ് കേസെടുത്തു. തർക്കത്തിന് പിന്നാലെ തന്നെ മേയറുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ശൗര്യം കാട്ടിയെങ്കിലും ഡ്രൈവറുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. മേയർക്കും കൂട്ടർക്കുമെതിരെ കേസെടുക്കാൻ കോടതിയുടെ കണ്ണുരുട്ടൽ വേണ്ടിവന്നത്, നടക്കാൻ പറഞ്ഞാൽ ഇരിക്കുകയും ഇരിക്കാൻ പറഞ്ഞാൽ കിടക്കുകയും കിടക്കാൻ പറഞ്ഞാൽ മുള്ളുകയും ചെയ്യുന്ന അതിവിധേയത്വത്തിന്റെ ഫലമെന്നല്ലാതെ എന്തുപറയാൻ.

2024 ഏപ്രിൽ 27ന് രാത്രി 10 മണിയോടടുപ്പിച്ചാണ് പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നിൽ മേയറും ഭർത്താവും അടക്കമുളളവർ സഞ്ചരിച്ച സ്വകാര്യ വാഹനം കെ.എസ്.ആർ.ടി.സി ബസിന് കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടായത്. കാറിന് സൈഡ് നൽകാതെ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ചാണ് മേയർസംഘം സൂപ്പർ ഫാസ്റ്റ് തടഞ്ഞു നിറുത്തിയതും മേയർ ആര്യ രാജേന്ദ്രനും ഡ്രൈവറുമായി നടുറോഡിൽ വാക്കേറ്റമുണ്ടായതും.

തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ഡ്രൈവർ യദുവിനെ അവിടെയെത്തിയ കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തു. വാക്കേറ്റം നീണ്ടതോടെ ബസിലുണ്ടായിരുന്ന 15 യാത്രക്കാരും അവിടെ ഇറങ്ങി. മറ്റൊരു ഡ്രൈവറെ കൊണ്ടുവന്ന് ബസ് തമ്പാനൂരിലെത്തിച്ചു. ഭർത്താവിനെക്കൂടാതെ സഹോദരനും സഹോദര ഭാര്യയുമാണ് മേയർക്കൊപ്പം കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പട്ടം മുതൽ കാറിന് സൈഡ് കൊടുത്തിരുന്നില്ല. പിന്നീട് ബസ് ഒതുക്കിയതോടെ കടന്നുപോയി. എന്നാൽ, അമിതവേഗത്തിൽ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി.

തുടർന്ന് ബസിനെ പിന്തുടർന്ന് തടയുകയായിരുന്നുവത്രെ. മേയറുടെ ബന്ധു സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർ കയർത്തു. മേയറും എം.എൽ.എയും കാറിൽനിന്നിറങ്ങി തങ്ങൾ ആരാണാണെന്ന് പറഞ്ഞു. സ്ഥലംമാറ്റുമെന്നും നടപടിയുണ്ടാകുമെന്നും മേയർ പറഞ്ഞപ്പോൾ കൃത്യമായി ശമ്പളം ലഭിക്കാനുള്ള സാഹചര്യമൊരുക്കണം എന്നായിരുന്നു ഡ്രൈവറുടെ മറുപടി. മേയർ ഡി.സി.പിയെ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും വിവരമറിയിച്ചു. സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയോടുള്ള അധിക്ഷേപം എന്ന വകുപ്പ് ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്.കേസ് സംബന്ധമായ മറ്റുകാര്യങ്ങൾ കോടതിയിലായതിനാൽ നീതിപീഠമാണ് ഇക്കാര്യത്തിൽ ന്യായാന്യായങ്ങൾ വിലയിരുത്തേണ്ടത്.

എന്നാൽ ഇവിടെ പറയാനുദ്ദേശിക്കുന്നത് മറ്റൊന്നാണ്. മേയർ ഡ്രൈവർ തർക്കത്തിന് തൊട്ടുപിന്നാലെ ഒരു ചലച്ചിത്ര നടി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി രംഗത്ത് വന്നു.വിവാദവുമായി ബന്ധപ്പെട്ട് യദുവിന്റെ ചിത്രം മാദ്ധ്യമങ്ങളിൽ കണ്ടതോടെയാണ് കുറെ നാളുകൾക്ക് മുമ്പ് ഇതേ ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് അവർ വിശദീകരിച്ചത്. അവർ പറഞ്ഞ ദിവസവും സമയവുമൊക്കെ വച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ നടിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആര്യാരാജേന്ദ്രൻ മേയറാണെന്ന് വെളിപ്പെടുത്തിയപ്പോൾ, എന്നാൽ പിന്നെ എന്റെ ശമ്പളം വാങ്ങിത്താ എന്ന മട്ടിലാണ് യദു പ്രതികരിച്ചത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സാധാരണക്കാരായ ആൾക്കാർക്ക് തോന്നുന്ന ഒരു പ്രതീതി, കിലുക്കം സിനിമയിൽ ഹോട്ടൽ അടിച്ചു തകർത്ത ശേഷം രേവതിയുടെ കഥാപാത്രം പറയുന്ന 'ഇത്രയേ ഞാൻ ചെയ്തുള്ളു, അതിനാണ് ഈ കുരങ്ങൻ ഇങ്ങനെയൊക്കെ പറയുന്നത്' എന്ന സംഭാഷണം പോലെയാണ്. വിവാദത്തിലെത്തിയ ട്രിപ്പിനിടയിൽ ബസ് ഓടിക്കുമ്പോൾ നിരവധി തവണ യദു മൊബൈലിൽ സംസാരിച്ചിരുന്നതായാണ് പുറത്തു വന്ന മറ്റൊരു വിവരം. ഇക്കാര്യങ്ങളൊക്കെ ശരിയാണെങ്കിൽ ഡ്രൈവർ വെറും യദുവല്ല, ഒരു ഒന്നൊന്നര യദുവാണ്.

45 വാഹനങ്ങളുടെ അകമ്പടിയിൽ യാത്ര ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന മാദ്ധ്യമങ്ങളെങ്കിലും ഇതൊന്നു മനസിലാക്കണം. 45 വാഹനങ്ങൾ ബാലെക്കാരുടെ സെറ്റുപോലെ പലവർണത്തിലുള്ള ലൈറ്റുമിട്ട് ആരും സംഗീതം നൽകാത്ത നിലവിളിയും പുറപ്പെടുവിച്ച് പോകുമ്പോൾ പാവം ജനത്തിന് മനസിലാവുമല്ലോ, നമ്മളെ ഭരിച്ച് സന്തുഷ്ടരാക്കുന്ന മുഖ്യമന്ത്രിയാണ് ഗമിക്കുന്നതെന്ന്. അതിലൊന്നും ഒരു തെറ്റുമില്ല. ഇതിന്റെ ചെലവിലേക്ക് ഇന്ധന സെസ് കുറച്ച് ശതമാനം കൂട്ടിക്കോട്ടെ, അല്ലെങ്കിൽ മദ്യത്തിന്റെ വില സ്വല്പം ഉയർത്തിക്കോട്ടെ. വൃത്തികെട്ട കുടിയന്മാർ അങ്ങനെങ്കിലും നന്നാവുകയും ചെയ്യുമല്ലോ. മേയർക്ക് സഞ്ചരിക്കാൻ ഔദ്യോഗിക വാഹനമുണ്ട്. അത് സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുന്നത് നല്ല മാതൃകയുമാണ്. പക്ഷെ ഇത്തരം സന്ദർഭത്തിൽ പ്രശ്‌നമുണ്ടാക്കിയ വാഹനം സിനിമാ സ്റ്റൈലിൽ വളഞ്ഞിട്ടു പിടിക്കാതെ ഉത്തരവാദപ്പെട്ട ആൾക്കാരെ ഒന്നു വിളിച്ചറിയിച്ചാൽ പോരേ. വല്ല വിഷയവുമുണ്ടാവുമോ. ഇത് വെറുതെ റോഡിൽ കിടന്ന് പ്രശ്‌നമുണ്ടാക്കുക, എന്നിട്ട് ഞാൻ മേയറാണെന്ന് നാട്ടുകാർക്ക് മുമ്പിൽ ആണയിട്ട് പറയേണ്ടിവരിക, പലിശ പിരിക്കാനെത്തുന്ന ബ്‌ളേഡ് കമ്പനിക്കാരനെ പോലെ ഒരു എം.എൽ.എ ബസിനുള്ളിൽ കയറി യാത്രക്കാരെ നിർദ്ദയം ഇറക്കിവിടുക...ഇതൊക്കെ മോശമല്ലെ മേയറെ.

ഇതുകൂടി

കേൾക്കണേ

പാർട്ടിയിൽ പുതു രക്തത്തിന് സ്ഥാനമാനങ്ങൾ നൽകുന്ന സി.പി.എം രീതി തീർത്തും അഭിനന്ദനീയമാണ്. പക്ഷെ അങ്ങനെ യുവരക്തം തിരഞ്ഞെടുക്കുമ്പോൾ അവരെ ആവണക്കെണ്ണ മണക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നന്നായിരിക്കും.

Advertisement
Advertisement