മുന്നറിയിപ്പില്ലാതെ വിമാന സർവീസുകൾ റദ്ദാക്കിയതിൽ പ്രതിഷേധം
Thursday 09 May 2024 12:00 AM IST
കൊടുങ്ങല്ലൂർ: മുന്നറിയിപ്പുകളില്ലാതെ എയർ ഇന്ത്യ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയതിൽ പ്രവാസി ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. ഗൾഫിൽ നിന്നും നാട്ടിൽ നിന്നും തൊഴിൽപരമായും ചികിത്സാ ആവശ്യങ്ങൾക്കുമായി അടിയന്തര യാത്ര ചെയ്യുന്ന പ്രവാസികളെ ദുരിതത്തിലാക്കിയ നടപടികളിൽ നിന്ന് എയർ ഇന്ത്യ പിന്മാറണമെന്നും എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. വിസ റദ്ദാകുന്നത് അടക്കമുള്ള നഷ്ടങ്ങൾ സംഭവിച്ചവർക്ക് ആനുപാതികമായ നഷ്ടപരിഹാരം അടിയന്തരമായി നൽകുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണമെന്ന് സംസ്ഥാന പ്രസിഡന്റ് സന്തോഷ്‌കുമാർ എം.പി, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.പി. സുനീർ, സംസ്ഥാന സെക്രട്ടറി ഇ.ടി. ടൈസൺ എം.എൽ.എ എന്നിവർ ആവശ്യപ്പെട്ടു.