സ്വർണം മോഷ്ടിച്ച കുട്ടികളും വിൽക്കാൻ സഹായിച്ച യുവാക്കളും പിടിയിൽ

Thursday 09 May 2024 2:26 AM IST

വർക്കല: അഞ്ചര പവന്റെ ആഭരണം മോഷ്ടിച്ച കുട്ടികളും വിൽക്കാൻ സഹായിച്ച യുവാക്കളും അയിരൂർ പൊലീസിന്റെ പിടിയിലായി.വീടിനകത്തെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷ്ടിച്ച ഒൻപതാം ക്ലാസുകാരായ കുട്ടികളും ഈ സ്വർണം പണയം വയ്ക്കാനും പിന്നീട് വിൽക്കാനും സഹായിച്ച ഇടവ ചെമ്പകത്തിൻമൂട് അൽ അഫ്ന ഹൗസിൽ അഫ്സൽ (19), ഹരിഹരപുരം പാലിള ഹൗസിൽ ജിതിൻ (20) എന്നിവരുമാണ് പിടിയിലായത്.കുട്ടികളെ ജുവനൈൽ ബോർഡിന് മുന്നിലും പ്രായപൂർത്തിയായവരെ വർക്കല കോടതിയിലും ഹാജരാക്കി.

ഇടവ മകം വീട്ടിൽ ഷീജയുടെ വീട്ടിലാണ് മോഷണം നടന്നത്.എറണാകുളം ഇടത്തല ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപികയായ ഷീജ ആലുവയിലാണ് താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ ഇവർ ഇടവയിലെ വീട്ടിലെത്തി മടങ്ങും. ഇക്കഴിഞ്ഞ മാർച്ച് 11നാണ് മോഷണം നടന്നത്.എന്നാൽ ഏപ്രിൽ പത്തിനാണ് തന്റെ അലമാരയിലെ ലോക്കറിലിരുന്ന സ്വർണം നഷ്ടപ്പെട്ടത് ഷീജ അറിയുന്നത്.ഒൻപതാം ക്ലാസുകാരനായ മകന്റെ കൂട്ടുകാർ പതിവായി വീട്ടിൽ വന്നു പോകാറുണ്ടായിരുന്നു.

ഒരു ദിവസം വീട്ടിലെത്തിയ കൂട്ടുകാർ അലമാര തുറക്കുകയും ലോക്കറിലിരുന്ന സ്വർണം എടുത്തുനോക്കിയതായും മകനിൽ നിന്നുമറിഞ്ഞ ഷീജ ഈ വിവരം ഉൾപ്പെടെ കാട്ടി അയിരൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് കുട്ടികളെ ചോദ്യം ചെയ്തെങ്കിലും ഇവർ സമ്മതിച്ചില്ല. തുടർന്ന് നടത്തിയ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്തായത്.

മോഷ്ടിച്ച സ്വർണം അഫ്സലിന്റെയും ജിതിന്റെയും സഹായത്തോടെ പണയം വയ്ക്കുകയും പിന്നീട് പണയത്തിൽ നിന്നെടുത്ത് വിൽക്കുകയുമായിരുന്നെന്ന് കുട്ടികൾ പൊലീസിനോട് സമ്മതിച്ചു.തുടർന്നാണ് യുവാക്കൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തശേഷം വില്പന നടത്തിയ സ്വർണവും പൊലീസ് കണ്ടെടുത്തു.അറസ്റ്റിലായ അഫ്സൽ,​ജിതിൻ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement