വെസ്റ്റ്‌നൈൽ പനിയിൽ ജാഗ്രത വേണം

Thursday 09 May 2024 2:29 AM IST

രോഗവാഹകരായ ജീവികളുടെയോ പ്രാണികളുടെയോ പട്ടികയിൽ കൊതുകിന്റെ വില്ലൻ വേഷം ചെറുതല്ലെന്ന് നമുക്കറിയാം. മലേറിയയും ഡെങ്കിയും ചിക്കുൻ ഗുനിയയും മഞ്ഞപ്പനിയും തൊട്ട് മാരകമായ പകർച്ചപ്പനികളുടെ വകഭേദങ്ങളിലെല്ലാം രോഗവാഹകന്റെ റോൾ കൊതുകിനാണ്. സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ കൊതുകു പരത്തുന്ന വെസ്റ്റ്നൈൽ പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്,​ മലപ്പുറം,​ തൃശൂർ ജില്ലകളിലാണ് നിലവിൽ ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 2011-ൽ വെസ്റ്റ്നൈൽ പനിയുടെ ആദ്യ കേസ് സ്ഥിരീകരിച്ചെങ്കിലും ഇതുമൂലമുള്ള മരണങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും, രോഗബാധിതരാകുന്നവരിൽ 10 ശതമാനം പേരിൽ ഇത് ജീവാപായത്തിനു വരെ ഇടയാക്കിയേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

വെസ്റ്റ്നൈൽ പനിക്കെതിരെ പ്രതിരോധ കുത്തിവയ്പോ ഫലപ്രദമായ മരുന്നോ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ലാത്തതിനാൽ കൊതുകു നശീകരണവും,​ കൊതുകുകടി ഏല്ക്കാതെ സ്വയം സൂക്ഷിക്കുകയും മാത്രമാണ് തത്കാലം പ്രതിരോധം. മഴക്കാലപൂർവ ശുചീകരണവും മാലിന്യ സംസ്കരണവും മറ്റും തീരെ ഫലപ്രദമല്ലാത്ത സംസ്ഥാനത്ത്,​ അതുതന്നെയാണ് കൊതുകിനെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിലെ വലിയ വെല്ലുവിളി. ഒരു ചിരട്ടയിലെ വെള്ളംപോലും വേണ്ട,​ ലക്ഷക്കണക്കിന് കൊതുകുകൾക്ക് പെറ്റുപെരുകാൻ! നാടാകെ മാലിന്യക്കൂമ്പാരം പെരുകുകയും മഴയിൽ നിറയുന്ന ഓടകളിൽ ഒഴുക്കു തടസപ്പെട്ട്,​ ആ വെള്ളം ദിവസങ്ങളോളം കെട്ടിക്കിടക്കുകയും,​ വീട്ടുപരിസരങ്ങളിലും ടെറസുകളിലും മറ്റും ഉപയോഗശൂന്യമായിക്കിടക്കുന്ന പാത്രങ്ങളിലും മറ്റും മഴവെള്ളം നിറഞ്ഞ് കൊതുകുകൾക്ക് ഈറ്റില്ലമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇവ സൃഷ്ടിക്കുന്ന ഭീഷണി എത്ര വലുതാണെന്ന് ഓർമ്മ വേണം.

ഇപ്പോൾ കൊതുകുശല്യം അല്പം കുറ‌ഞ്ഞിരിക്കുന്നത്,​ കൊടുംവേനലിൽ എല്ലായിടവും വറ്റിവരണ്ട് കൊതുകുകൾക്ക് പ്രജനന സാഹചര്യം ഇല്ലാത്തതുകൊണ്ടാണ്. രണ്ടുദിവസത്തിനകം വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. അതിന്റെ തുടർച്ചയായി വർഷകാലമെത്തും. സംസ്ഥാനത്ത് മിക്ക ജില്ലകളിലും റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായും അറ്റകുറ്റപ്പണികൾക്കായും പാതകൾ വെട്ടിപ്പൊളിച്ചും തോണ്ടിക്കുഴിച്ചും ഇട്ടിരിക്കുകയാണ്. മഴക്കാലത്തിനു മുമ്പ് ഈ പണികൾ തീരുന്ന ഒരു ലക്ഷണവുമില്ല. മഴ പെയ്തുതുടങ്ങുന്നതോടെ ഇവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുകയും കൊതുകുകൾ പെറ്റുപെരുകുകയും ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ നടക്കേണ്ട മഴക്കാലപൂർവ ശുചീകരണമാകട്ടെ,​ പേരിനുപോലും എങ്ങും തുടങ്ങിയിട്ടില്ല. കൊതുകുകളുടെ ഉറവിട നശീകരണം ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് വകുപ്പു മന്ത്രി നിർദ്ദേശം നല്കിയിട്ടുണ്ടെങ്കിലും,​ അതു നിർവഹിക്കേണ്ടത് തദ്ദേശവകുപ്പാണ്.

മാലിന്യസംസ്കരണവും മഴക്കാലപൂർവ ശുചീകരണവും പോലെ അടിയന്തര ശുചീകരണപ്രവൃത്തികൾ പോലും യഥാസമയം നടത്താൻ പല തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയാത്തത് പണദൗർലഭ്യം കാരണമാണ്. ആരോഗ്യ,​ തദ്ദേശ വകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഫലപ്രദമായ ഏകോപനവും പരസ്പരധാരണയുമുണ്ടെങ്കിലേ കാര്യം നടക്കൂ എന്നർത്ഥം. ഫണ്ട് വന്നിട്ട് പണി ചെയ്യാമെന്നു ശഠിച്ച് മാറ്റിവയ്ക്കാവുന്നതല്ല,​ കൊതുകു നശീകരണവും ശുചീകരണ പ്രവൃത്തിയും. മഴയ്ക്കു തൊട്ടുമുമ്പ് മൂന്ന് ജില്ലകളിൽ വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ച സാഹചര്യം പരിഗണിച്ച് മഴക്കാലപൂർവ ശുചീകരണത്തിനായി തദ്ദേശവകുപ്പിനു വേണ്ടുന്ന പണം അടിയന്തരമായി അനുവദിക്കുവാൻ സർക്കാരും മനസുവയ്ക്കണം. വകുപ്പുകൾ പരസ്പരം പഴിചാരി വിലപ്പെട്ട സമയം പാഴാക്കുന്ന സാഹചര്യം ഇക്കാര്യത്തിൽ ഉണ്ടാകരുത്. പരിസര ശുചീകരണവും പുരയിട ശുചീകരണവും ഗൃഹമാലിന്യ നിർമ്മാർജ്ജനവും ഓരോത്തരുടെയും ഉത്തരവാദിത്വമാണെന്നും മറക്കരുത്.

Advertisement
Advertisement