രാസലായനി ചേർത്ത മത്സ്യങ്ങൾ വിൽക്കുന്നതായി പരാതി

Thursday 09 May 2024 1:35 AM IST

നെയ്യാറ്റിൻകര: മരുത്തൂരിലെ മത്സ്യ വിപണന കേന്ദ്രത്തിൽ രാസലായനി ചേർത്ത മത്സ്യങ്ങൾ വിൽക്കുന്നതായി പരാതി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമെത്തുന്ന ചൂരയടക്കമുള്ള മത്സ്യങ്ങളാണ് ഇവിടെ വിറ്റഴിക്കുന്നത്. രാസലായനി ചേർത്ത മത്സ്യം റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് നൽകുകയാണ് പതിവ്. മത്സ്യം അഴുകിയതാണെങ്കിലും ഫ്രീസറിൽ സൂക്ഷിക്കുന്ന മത്സ്യം കണ്ടുകഴിഞ്ഞാൽ ചീഞ്ഞതായി തോന്നില്ല. ദേശീയപാതയ്ക്കടുത്ത് പ്രവർത്തിക്കുന്ന ഈ മത്സ്യമാർക്കറ്റിൽ നിന്നും ദിനംപ്രതി ആയിരക്കണക്കിന് മത്സ്യങ്ങളാണ് വിറ്റ് പോകുന്നത്. രാസലായനി കലർന്ന മത്സ്യം കഴിക്കവെ ഉദരരോഗങ്ങൾ പിടിപെടുമെന്നിരിക്കെ അവയൊന്നും മാനിക്കാതെയാണ് ഇവിടെ കച്ചവടം പൊടിപൊടിക്കുന്നത്. നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തോട് മത്സ്യം വാങ്ങിയ ചിലർ പരാതിപ്പെട്ടെങ്കിലും ചീഞ്ഞ മത്സ്യം വിൽക്കുന്നത് തടയാൻ നടപടിയുണ്ടായിട്ടില്ല.

Advertisement
Advertisement