വിമാനങ്ങൾ റദ്ദാക്കിയതിൽ ഇടപെടണം

Thursday 09 May 2024 12:00 AM IST

തൃശൂർ: രാജ്യത്തും വിദേശത്തുമായി എൺപതിലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങളുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയ നടപടിയിൽ സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ എം.പി കത്തിലൂടെ ആവശ്യപ്പെട്ടു. എയർ ഇന്ത്യ ഡ്യൂട്ടി സ്റ്റാഫിന്റെ മിന്നൽ പണിമുടക്കിന്റെ ഭാഗമായി എയർ ഇന്ത്യയുടെ കൊച്ചി, തിരുവനന്തപുരം, ഡൽഹി, കണ്ണൂർ തുടങ്ങിയ വിമാനത്താവളങ്ങളിൽ വിദേശത്തേക്ക് പോകാനുള്ള ധാരാളം പേർ ഇതുമൂലം ദുരിതം അനുഭവിക്കുകയാണ്. ഇന്ന് തന്നെ ജോലിക്ക് കയറിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുന്നവരാണ് കൂടുതൽപേരും. ഷാർജ, മസ്‌കറ്റ് അബുദാബി ബഹറിൻ എന്നിവടങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദ് ചെയ്തവയിൽ പെടും. യാത്രക്കാരായ സ്ത്രീകളും കുട്ടികളും പ്രായമായവരും ഏറെ പ്രയാസം നേരിടുകയാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അയച്ച കത്തിലൂടെ പ്രതാപൻ ആവശ്യപ്പെട്ടു.