ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ അത്തനാസിയോസ് യോഹാൻ അന്തരിച്ചു
പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത (കെ.പി യോഹന്നാൻ) അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിൽ പ്രഭാത നടത്തത്തിനിടെ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു. നടത്തത്തിനിടെ അദ്ദേഹത്തെ വാഹനമിടിക്കുകയായിരുന്നു. ഡാലസിൽ മെത്തഡിസ്റ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ വൈകുന്നേരം ഹൃദയഘാതവുമുണ്ടായി തുടർന്നായിരുന്നു അന്ത്യം.
നാല് ദിവസം മുൻപാണ് കെ.പി. യോഹന്നാൻ അമേരിക്കയിൽ എത്തിയത്. സാധാരണയായി ഡാലസിലെ ബിലീവേഴ്സ് ചർച്ചിന്റെ ക്യാമ്പസിനകത്താണ് അദ്ദേഹം പ്രഭാത നടത്തത്തിനിറങ്ങാറുള്ളത്. രാവിലെ (ഇന്ത്യൻ സമയം 5.15ന്) പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ചത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലുള്ള നിരണത്ത് 1950ൽ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച കടപ്പിലാറിൽ പുന്നൂസ് യോഹന്നാൻ കെ.പി യോഹന്നാൻ എന്ന പേരിലാണ് അറിയപ്പെട്ടത്. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്‌കൂൾ, ബൈബിൾ കോളേജ് എന്നിവ ആരംഭിച്ചു. 2003ലാണ് ബിലീവേഴ്‌സ് ചർച്ച് സഭ ആരംഭിച്ചത്.ആത്മീയ യാത്ര എന്ന റേഡിയോ പരിപാടിയിലൂടെയും അദ്ദേഹം ശ്രദ്ധേയനായി.