അന്ന് മരണത്തെ തോൽപ്പിച്ചു, ഇന്നലെ അപ്രതീക്ഷിതമായി വഴങ്ങി

Thursday 09 May 2024 1:04 AM IST

കൊവിഡ് ബാധിതനായിരിക്കെ മരണം മുന്നിൽ വന്നു വിളിച്ചിട്ടും ജീവിതത്തിലേക്ക് തിരികെവന്ന സംഗീത് ശിവൻ ഏറ്റവും പുതിയ ചിത്രത്തിന്റെ ഡബിംഗ് വേളയിലാണ് അടുപ്പമുള്ളവരെയെല്ലാം ഞെട്ടിച്ച് മരണത്തിനു കീഴടങ്ങിയത്.

കൊവിഡിന്റെ ഗുരുതരാവസ്ഥയിൽ അന്ന് വെന്റിലേറ്ററിൽ ദിവസങ്ങളോളം മരണത്തോടു മല്ലടിച്ചു. സോഷ്യൽ മീഡിയയിൽ മരണവാർത്ത പോലും വന്നിരുന്നു. അച്ഛൻ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവനെ കാണാൻ നാട്ടിലെത്തിയപ്പോഴായിരുന്നു കൊവിഡ് പിടികൂടിയത്. അന്ന് ശിവൻ രോഗബാധിതനായി കിടപ്പിലായിരുന്നു. പക്ഷേ സംഗീതിന്റെ രോഗം ശിവനെ ഉയിർത്തെണീൽപ്പിച്ചു എന്നു പറയുന്നതാകും ശരി. രോഗം ഭേദമായി വന്നശേഷം അച്ഛനോടൊപ്പം രണ്ടുമാസത്തിലേറെ ഒപ്പം നിന്നുവെന്നത് ചാരിതാർത്ഥ്യത്തോടെ സംഗീത് പറയുമായിരുന്നു. പിന്നീടായിരുന്നു ശിവന്റെ മരണം.

'രോമാഞ്ച"ത്തിന്റെ ഹിന്ദി പതിപ്പായ 'കപ് കപി"യുടെ ഡബിംഗ് പൂർത്തിയാകുന്നതിന്റെ ആഹ്ളാദത്തിലായിരുന്നു ഏറ്റവും ഒടുവിൽ വിളിച്ചത്. തിരഞ്ഞെടുപ്പിലെ വിവരങ്ങളും അന്വേഷിച്ചു. തിരുവനന്തപുരത്ത് ആര് ജയിക്കുമെന്നു ചോദിച്ചു. മലയാളത്തിനൊപ്പം ഹിന്ദിയിലും തിളങ്ങിയ സംവിധായകനായിരുന്നു സംഗീത്. ഡോക്യുമെന്ററികളുടെ നിർമ്മാണത്തിൽ അച്ഛനും,​ സഹോദരൻ വിഖ്യാത ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനൊപ്പം പങ്കാളിയായി. ആദിത്യ ഭട്ടാചാര്യ സംവിധാനം ചെയ്ത രാഖ് (1989)എന്ന ഹിന്ദി ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായിട്ടായിരുന്നു തുടക്കം. അമീർഖാൻ നായകനായ ആ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനായിരുന്നു. 'രാഖ്" ശ്രദ്ധിക്കപ്പെട്ടതോടെ ഇരുവർക്കും തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

മലയാളികൾ വീണ്ടുംവീണ്ടും കാണാൻ ഇഷ്ടപ്പെടുന്ന, എത്ര തവണ കണ്ടാലും പൊട്ടിച്ചിരിക്കുന്ന 'യോദ്ധ" എന്നൊരു ചിത്രം മാത്രം മതി,​ സംഗീത് ശിവൻ എന്ന സംവിധായകനെ എന്നെന്നും ഓർമ്മിക്കാൻ. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്താടിയ 'യോദ്ധ"യ്ക്ക് പുതിയകാലത്ത് രണ്ടാംഭാഗം ഒരുക്കാൻ സംഗീത് തീരുമാനിച്ചിരുന്നു. കഥയ്ക്കുള്ള ആശയമായെന്നും കഴിയുന്നത്ര വേഗം അതിലേക്കു കടക്കുമെന്നും ഒടുവിൽ കണ്ടപ്പോൾ സംഗീത് പറഞ്ഞിരുന്നു. ശശിധരൻ ആറാട്ടുവഴി തിരക്കഥ രചിച്ച 'യോദ്ധ"യുടെ സംഗീത സംവിധായകനായാണ് എ.ആർ. റഹ്മാൻ മലയാളത്തിൽ ആദ്യം വരുന്നത്. സംഗീതും സന്തോഷും ചേർന്ന് ചെയ്ത 'റൂബി സ്വീറ്റ്സി"ന്റെ പരസ്യത്തിന് സംഗീതം പകർന്ന പരിചയമാണ് റഹ്മാനെ ഇവിടെ എത്തിച്ചത്.

മമ്മൂട്ടിയെ വച്ച് ഒരു ചിത്രം ചെയ്യാനും പ്ളാനുണ്ടായിരുന്നു. 'നിർണയ"ത്തിൽ ആദ്യം നായകനായി നിശ്ചയിച്ചത് മമ്മൂട്ടിയെയായിരുന്നെങ്കിലും ഡേറ്റില്ലാത്തതിനാൽ കഥയിൽ വലിയ മാറ്റം വരുത്തി മോഹൻലാലിനെ നായകനാ ക്കുകയായിരുന്നു. സിനിമയിൽ തന്റേതായ ഒരു സ്റ്റൈൽ കൊണ്ടുവരാൻ സംഗീത് എന്നും ശ്രമിച്ചിരുന്നു. മലയാളത്തിൽ ആദ്യമെടുത്ത 'വ്യൂഹം" ത്രില്ലർ മൂവിയായിരുന്നു. രഘുവരനായിരുന്നു നായകൻ. 'യോദ്ധ"യ്ക്കു ശേഷം മോഹൻലാൽ നായകനായി എടുത്ത മെഡിക്കൽ ത്രില്ലറായിരുന്നു 'നിർണയം", തുടർന്നുവന്ന 'ഗാന്ധർവ്വ"വും വൻ വിജയമായി.

മലയാളത്തിൽ സംവിധാനം തുടങ്ങിയെങ്കിലും ഹിന്ദിയിലും സംവിധായകനായി സ്ഥാനമുറപ്പിക്കാനായി. ഹിന്ദിയിൽ എട്ടു ചിത്രങ്ങൾ സംവിധാനം ചെയ്തു. 'ക്യാ കൂൾ ഹേ ഹം" എന്ന ചിത്രമടക്കം അനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളെടുത്തു. സണ്ണി ദിയോൾ അടക്കമുള്ള അഭിനേതാക്കൾ സംഗീതിന്റെ ചിത്രങ്ങളിൽ വന്നു. 'കോട്ടയം" എന്ന മലയാളം ചിത്രത്തിലും ഒരു ഹിന്ദി ചിത്രത്തിലും അഭിനയിക്കുകയും ചെയ്തു. ശിവൻസ് സ്റ്റുഡിയോയിൽ അച്ഛനോടൊപ്പം പോയ നാളുകളിലാണ് ക്യാമറ ഉപയോഗിക്കാൻ പഠിച്ചത്. കോളേജിൽ പഠിക്കുമ്പോൾ എടുത്ത മികച്ച ഫോട്ടോകൾ പല പ്രമുഖ പ്രസിദ്ധീകരണങ്ങളുടെയും മുഖചിത്രമായി.

ഹോക്കി കളിക്കാരനായിരുന്നു സംഗീത്. ബാങ്കിൽ ഉദ്യോഗം ലഭിച്ചെങ്കിലും ഉപേക്ഷിച്ചു. ശിവന്റെ മരണശേഷം ശിവൻസ് കൾച്ചറൽ സെന്റർ എന്നൊരു മിനി ഹാൾ,​ സ്റ്റുഡിയോയോടൊപ്പം ആരംഭിച്ചു. തലസ്ഥാനത്തെ കൾച്ചറൽ ഹബ്ബ് ആക്കുകയായിരുന്നു ലക്ഷ്യം. മുംബയ് അന്ധേരി വെസ്റ്റിലായിരുന്നു താമസം. ഇടയ്ക്കിടെ നാട്ടിൽ വരികയും ശിവൻസ് സ്റ്റുഡിയോയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ മൂത്ത മകൻ. ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചപ്പോഴും തനിക്കേറ്റവും ഇഷ്ടപ്പെട്ട മേൽവിലാസം ശിവന്റെ മകൻ എന്നറിയപ്പെടുന്നതാണെന്ന് എപ്പോഴും പറയുമായിരുന്നു. നിർമ്മാണവും സംവിധാനവും അടക്കം ഒരുപാട് നല്ല ചിത്രങ്ങൾ സംഗീതിൽ നിന്ന് ചലച്ചിത്രലോകം പ്രതീക്ഷിച്ചിരിക്കെയാണ് ഈ അപ്രതീക്ഷിത വിടപറച്ചിൽ.