കെ.പി. ദണ്ഡപാണിയെ സ്‌മരിച്ച് സുപ്രീംകോടതി

Thursday 09 May 2024 1:09 AM IST

ന്യൂഡൽഹി : അന്തരിച്ച മുൻ അഡ്വക്കേറ്ര് ജനറൽ കെ.പി. ദണ്ഡപാണിയെ സ്മരിച്ചും ആദരമർപ്പിച്ചും സുപ്രീംകോടതി ഫുൾകോർട്ട് റഫറൻസ്. ഹൈക്കോടതി ജഡ്‌ജി,​ അഭിഭാഷകൻ,​ അഡ്വക്കേറ്റ് ജനറൽ തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അനുസ്മരിച്ചു. അഭിഭാഷകവൃത്തിയിൽ തുടങ്ങിയ കാലത്തേക്കാൾ കരുത്തോടെയാണ് ദണ്ഡപാണി വിടവാങ്ങിയത്. അഡ്വക്കേറ്റ് ജനറൽ എന്ന നിലയിൽ കെ.പി. ദണ്ഡപാണിയുടെ ധീരനിലപാടുകൾ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ഓർമ്മിച്ചു. മുല്ലപ്പെരിയാർ,​ ഇറ്രാലിയൻ നാവികർ തുടങ്ങിയ കേസുകളിൽ സർക്കാരിന് വേണ്ടി ഹാജരായി. സ്വയം നവീകരണത്തിനും പഠനത്തിനും എന്നും ദണ്ഡപാണി ഊന്നൽകൊടുത്തെന്നും അറ്റോർണി ജനറൽ പറഞ്ഞു.

ഇന്നലെ രാവിലെ 10.30ന് ചീഫ് ജസ്റ്രിസിന്റെ കോടതിയിലായിരുന്നു ഫുൾകോർട്ട് റഫറൻസ്. രണ്ടു നിമിഷത്തെ നിശബ്ദ പ്രാർത്ഥനയും നടത്തി. ദണ്ഡപാണിയുടെ ഭാര്യയും സീനിയർ അഡ്വക്കേറ്റുമായ സുമതി ദണ്ഡപാണിയും എത്തിയിരുന്നു. കേരള ഹൈക്കോടതിയിലെ പ്രഗത്ഭ അഭിഭാഷകനായിരുന്ന ദണ്ഡപാണി,​ ചുരുങ്ങിയ കാലയളവിൽ ഹൈക്കോടതി ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്. 2023 മാർച്ച് 21നാണ് അന്തരിച്ചത്.

Advertisement
Advertisement