സിനിമയിലെ ദൃശ്യസംഗീതം മാഞ്ഞു, പരീക്ഷണങ്ങളിൽ പിറന്ന ഹിറ്റുകൾ

Thursday 09 May 2024 12:10 AM IST

ചിലർ അങ്ങനെയാണ്; പരീക്ഷണങ്ങളിലാണ് താത്പര്യവും ധൈര്യവും. അത് വിജയമാവുമ്പോൾ അറിയാതെ നാം അവരെ നമിക്കും. സംഗീത് ശിവന്റെ കാര്യത്തിൽ ഇത് തീർത്തും വാസ്തവം. തലസ്ഥാനത്ത് നിശ്ചലഛായാഗ്രഹണം പോലും അദ്ഭുതമായിരുന്ന കാലത്ത് തന്റെ അസാധാരണ ഫ്രെയിമുകൾ കൊണ്ട് അംഗീകാരം നേടിയ ശിവൻസ് സ്റ്രുഡിയോ ഉടമ ശിവന്റെ മകനാണ് സംഗീത് ശിവൻ. സിനിമയിലേക്കുള്ള ബാലപാഠങ്ങൾക്ക് അക്കാലത്ത് ശിവൻസ് സ്റ്റുഡിയോയോളം പോന്നൊരു കളരി വേറെയില്ലായിരുന്നു.

മൂന്നു പതിറ്റാണ്ടിനിടെ ഹിന്ദിയിലും മലയാളത്തിലുമായി പതിനാറോളം ചിത്രങ്ങൾ. മിക്കവയും വിപണി വിജയങ്ങളും വേറിട്ട കലാസ്വാദന തലമുള്ളവയും. യോദ്ധ എന്ന ഒറ്റച്ചിത്രം മതി, സംഗീതിനെ മറക്കാതിരിക്കാൻ. മലയാളത്തിലെ എക്കാലത്തെയും വലിയ മത്സര കൂട്ടുകെട്ടായ മോഹൻലാൽ- ജഗതി ടീം കേരളത്തെ കുടുകുടെ ചിരിപ്പിച്ച നാലുമിനിട്ട് നീളുന്നൊരു ഗാനം. 'പടകാളി ചണ്ടിച്ചങ്കരി....!" യേശുദാസും എം.ജി ശ്രീകുമാറും അതു പാടാൻ പണിപ്പെട്ടപ്പോൾ മോഹൻലാലിനും ജഗതിക്കും അവരുടെ ശരീരം സർവാംഗം സമർപ്പിക്കേണ്ടിവന്നു,​ ക്യാമറയ്ക്കു മുന്നിൽ അതിനു പൂർണ്ണത നൽകാൻ. പദപഞ്ഞം തീരെയില്ലാതിരുന്ന ബിച്ചുതിരുമല ആ വരികളെഴുതിയത് ഒരു 'പൈതലിന്റെ" സംഗീതത്തിന് അനുസരിച്ചായിരുന്നു. എ.ആർ.റഹ് മാൻ എന്ന ലോക പ്രതിഭയുടെ മലയാള അരങ്ങേറ്റം.

സഹോദരനും വിഖ്യാത ഛായാഗ്രാഹകനുമായ സന്തോഷ് ശിവനായിരുന്നു അക്കാലത്ത് അദ്ദേഹത്തിന്റെ പിൻബലം.

മലയാള സിനിമാ വ്യവസായത്തെ കോടികളുടെ പട്ടികയിലേക്ക് ഉയർത്തിയ കിലുക്കത്തിന് അടക്കം നിരവധി ചിത്രങ്ങൾക്ക് ദൃശ്യഭംഗി നൽകിയ പ്രമുഖ ഛായാഗ്രാഹകൻ എസ്.കുമാറും സംഗീത് ശിവനും ഒരേ സമയത്താണ് ശിവൻസ് സ്റ്റുഡിയോയിലെ പഠനകളരിയിൽ ഡോക്യുമെന്ററി ചിത്രങ്ങളുടെ ചിത്രീകരണത്തിൽ ഏർപ്പെടുന്നത്. സിനിമ മാത്രം വികാരമായി മനസിൽ കൊണ്ടുനടന്ന തീർത്തും സാധുവും മനുഷ്യസ്നേഹിയുമായ സംഗീതിനെ ഇപ്പോഴും കുമാറിന് നല്ല ഓർമ്മ. നാലു വർഷം ആ കളരിയിൽ ഒരുമിച്ചു പ്രവർത്തിച്ച ശേഷമാണ് ഇരുവരും ഇരുവഴിക്കു പിരിഞ്ഞത്.

മലയാളത്തിന്റെ സൂപ്പർതാര പദവിയിൽ നിന്ന് സുകുമാരൻ മറ്റൊരു അഭിനയതലത്തിലേക്കു മാറിയ ഘട്ടത്തിലാണ് അക്കാലത്ത് തമിഴിലും മലയാളത്തിലും വ്യത്യസ്ത അഭിനയശൈലികൊണ്ട് ശ്രദ്ധേയനായ രഘുവരനെയും സുകുമാരനെയും ഉൾപ്പെടുത്തി 'വ്യൂഹം" എന്നൊരു ത്രില്ലർ സിനിമ സംഗീത് ശിവൻ ഒരുക്കിയത്. സംവിധായകനെന്ന നിലയിൽ ആദ്യ മലയാള ചിത്രം. വല്ലാത്തൊരു സിനിമാ അനുഭവമായി,​ മലയാളികൾക്ക് വ്യൂഹം. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഗാന്ധർവത്തിലെ 'മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർക്കാറ്റേ...." എന്ന ഗാനത്തിന്റെ ചിത്രീകരണം,​ നൃത്ത സംഗീത നാടകങ്ങളിലെ അഭിനേതാക്കളുടെ പ്രേമാഭിനയവും ശരീരഭാഷയും എത്രത്തോളം കൗതുകകരവും രസകരവുമായിരിക്കും എന്നതിന്റെ കൃത്യമായ ആവിഷ്കാരമായിരുന്നു. സംഗീത് ശിവൻ ഒരുക്കിയ ഏതു ചിത്രം ശ്രദ്ധിച്ചാലും മനസിലാകും,​ ഓരോന്നിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള പുതുമയും ദൃശ്യഭംഗിയും. ഹിന്ദിയിൽ സംവിധാനം ചെയ്ത ചിത്രങ്ങൾക്കു കിട്ടിയ സ്വീകാര്യത കാരണമാണ് സംഗീത് മുംബയിൽ സ്ഥിരതാമസമാക്കിയത്.

Advertisement
Advertisement