വംശീയ പരാമർശത്തിൽ വെട്ടിലായി, പ്രവാസി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ

Thursday 09 May 2024 2:30 AM IST

ന്യൂഡൽഹി: വംശീയ പരാമർശം വിവാദമായതിന് പിന്നാലെ പ്രവാസി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെപോലെയും പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കയിലുള്ളവരെ പോലെയും വടക്കുള്ളവർ വെള്ളക്കാരെപ്പോലെയും ആണെന്നായിരുന്നു ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശം.

ഇത് വംശീയ പരാമർശമെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. തിര‌ഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകുമെന്ന് ഭയന്ന് പ്രിയങ്ക ഗാന്ധിയടക്കം കോൺഗ്രസ് നേതാക്കളും പിത്രോദയെ തള്ളിപ്പറ‌ഞ്ഞു. പരാമർശം നിർഭാഗ്യകരവും അസ്വീകാര്യവുമാണെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചു. പിന്നാലെയാണ് രാജി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ രാജി സ്വീകരിച്ചു.

ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു പിത്രോദയുടെ വിവാദ പരാമർശം. പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് റാലിയിൽ ഇത് കോൺഗ്രസിനെ ആക്രമിക്കാനുള്ള ആയുധമാക്കി. പിത്രോദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പ്രതികരിച്ചു. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടക്കമുള്ള ബി.ജെ.പി നേതാക്കളും രൂക്ഷ വിമ‌ർശനമുയർത്തി.

പാരമ്പര്യ സ്വത്തിൽ ഒരുഭാഗം സർക്കാർ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് പിത്രോദ നേരത്തെ നടത്തിയ പരാമർശവും വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ഇത് ആയുധമാക്കിയിരുന്നു.

''രാഹുലിന്റെ 'അങ്കിൾ സാം' ഇന്ത്യക്കാരുടെ ചർമ്മത്തെക്കുറിച്ച് പറഞ്ഞതിൽ തനിക്ക് ദേഷ്യമുണ്ട്. ദ്രൗപദി മുർമു രാഷ്‌ട്രപതി സ്ഥാനാത്ഥിയായപ്പോൾ കോൺഗ്രസ് സ്വീകരിച്ചത് സമാനമായ നിലപാടായിരുന്നു

-പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement
Advertisement