വെള്ളറടയിൽ രാത്രിയായാൽ ഇരുട്ടിൽ പ്രകാശം പരത്താതെ ലൈറ്റുകൾ

Thursday 09 May 2024 2:54 AM IST

വെള്ളറട: മലയോരഗ്രാമങ്ങളിലെ പ്രധാന കവലകൾ സന്ധ്യകഴിഞ്ഞാൽ ഇരുട്ടിൽ. ലക്ഷകണക്കിന് രൂപ ചെലവഴിച്ച് കവലകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. പ്രധാന ജംഗ്ഷനായ വെള്ളറട സന്ധ്യകഴിഞ്ഞാൽ ഇരുട്ടുമാത്രമാണ്. നേരത്തേ ഈ ലൈറ്റ് തകരാറിലായപ്പോൾ വെള്ളറട വികസന സമിതി ഇടപെട്ടാണ് നന്നാക്കിയത്. ഇപ്പോൾ ഇതിൽ രണ്ട് ലൈറ്റുകളാണ് ഭാഗികമായി പ്രകാശിക്കുന്നത്. ജംഗ്ഷന് സമീപത്താണ് കെ.എസ് ആർ.ടി.സി ഡിപ്പോയും സ്ഥിതിചെയ്യുന്നത്. ഇവിടെയും ആവശ്യത്തിന് വെളിച്ചമില്ല. പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട്ടിലെ മാർക്കറ്റിലെയും ബസ്റ്റാൻഡ് പരിസരങ്ങളിലെയും ഹൈമാസ്റ്റ് ലൈറ്റുകൾ ഭാഗികമായാണ് പ്രകാശിക്കുന്നത്. കൂടുതൽ ലൈറ്റുകൾ ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലം ഏറെയായി.

 കവലകൾ ഇരുട്ടിൽ

വെള്ളറടയിലെ മിക്ക ജംഗ്ഷനും പരിസരവും വെളിച്ചമില്ലാതെ ഇരുട്ടിലാണ്,നാലുമുക്ക് കവലയായ ആറാട്ടുകുഴിയിൽ പഞ്ചായത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് ആറുമാസത്തിലേറെയായി. ജലജീവൻ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി ജംഗ്ഷനിൽ റോഡ് കുഴിച്ചപ്പോൾ റോഡിനടിയിലൂടെ ഉണ്ടായിരുന്ന വൈദ്യുതി കേബിൾ തകരാറിലായി. അത് പരിഹരിച്ച് വെളിച്ചം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ഗ്രാമപഞ്ചായത്ത് അധികൃതരെയും വാർഡ് മെമ്പർമാരെയുംസമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല.

 അറ്റകുറ്റപ്പണിയും ഇല്ല

പ്രധാന കവലകളിലെല്ലാം ആവശ്യത്തിന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപണികൾ നടത്താറില്ല. ലൈറ്റുകൾ നന്നാക്കി വെളിച്ചമെത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് കവലകൾ ഇരുട്ടിലാകാൻ കാരണമെന്ന് സ്ഥലവാസികൾ പറയുന്നു.

Advertisement
Advertisement