അംബാനി - അദാനിമാരുടെ കള്ളപ്പണം രാഹുൽ വാങ്ങിയോ: മോദി

Thursday 09 May 2024 12:25 AM IST

ന്യൂഡൽഹി: വ്യവസായികളായ അദാനിക്കും അംബാനിക്കുമെതിരെ നിരന്തരം ആരോപണമുന്നയിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും ഇപ്പോൾ മൗനം പാലിക്കുന്നത് അവരിൽ നിന്ന് കള്ളപ്പണം വാങ്ങിയിട്ടാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ കരിമ്പൂർ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ രാജകുമാരൻ (രാഹുൽ) വർഷങ്ങളായി അഞ്ച് വ്യവസായികളെക്കുറിച്ചാണ് സംസാരിച്ചത്. പിന്നീടത് അംബാനിയെയും അദാനിയെയും കുറിച്ച് മാത്രമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ അതും നിർത്തി. അവർ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ടെമ്പോയിൽ ലോഡ് കണക്ക് കറൻസി കൊണ്ടുവന്നോ. എത്ര കള്ളപ്പണം കിട്ടിയെന്ന് രാജകുമാരനും കോൺഗ്രസും വെളിപ്പെടുത്തണം.

രണ്ട് 'ആർ' മാർ ചേർന്ന് തെലങ്കാനയെ കൊള്ളയടിക്കുകയാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും രാഹുലിനെയും പരാമർശിച്ച് മോദി പറഞ്ഞു. ഒരു 'ആർ' തെലങ്കാനയെ കൊള്ളയടിച്ച് മറ്റൊരു 'ആറിന്' കൈമാറുന്നു. 'ആർ.ആർ.ആർ' സിനിമ 1000 കോടിക്ക് മുകളിൽ നേടിയെങ്കിൽ അതിനെക്കാൾ പണം 'ആർ ആർ' ഉണ്ടാക്കിയെന്നും മോദി ആരോപിച്ചു.

'രാജ്യം ആദ്യം' എന്നതാണ് ബി.ജെ.പി നയം. കോൺഗ്രസും തെലങ്കാനയിലെ ബി.ആർ.എസും 'കുടുംബം ആദ്യം' എന്ന നയത്തിലാണ്. കോൺഗ്രസിനെയും ബി.ആർ.എസിനെയും ബന്ധിപ്പിക്കുന്ന 'പശ' അഴിമതിയാണ്. അവരുടെ മാതൃക 'സീറോ ഗവേണൻസ്' ആണ്. സംവരണത്തിൽ കോൺഗ്രസ് പട്ടിക ജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. അയോദ്ധ്യ ക്ഷേത്രനിർമ്മാണം നിർത്താനും സുപ്രീംകോടതി വിധി മറികടക്കാനും കോൺഗ്രസ് ഗൂഢാലോചന നടത്തി. അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത് കോൺഗ്രസിന്റെ മുൻ വിശ്വസ്തനാണെന്നും ആചാര്യ പ്രമോദ് കൃഷ്ണന്റെ പ്രസ്‌താവന ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.

മോദി അദാനി-അംബാനി പേരുകൾ

പറഞ്ഞത് ആദ്യം: രാഹുൽ

പ്രധാനമന്ത്രി നരേന്ദ്രമോദി അടച്ചിട്ട മുറിയിൽ മാത്രം പറയാറുള്ള അംബാനി,അദാനി പേരുകൾ ആദ്യമായാണ് പരസ്യമായി പറയുന്നതെന്ന് രാഹുൽ പരിഹസിച്ചു. മോദി ഭയന്നോ. അവർ പണം ടെമ്പോയിലാണ് കൊണ്ടുവരുന്നതെന്ന് മോദിക്ക് എങ്ങനെ അറിയാം. നേരിട്ടുള്ള അനുഭവമാണോ. വ്യവസായികളുടെ അടുത്തേക്ക് കേന്ദ്ര ഏജൻസികളെ അയയ്‌ക്കാൻ രാഹുൽ വെല്ലുവിളിച്ചു. ബി.ജെ.പി 22 കോടിപതികളെയുണ്ടാക്കി. കോൺഗ്രസ് കോടിക്കണക്കിന് കോടിപതികളെ സൃഷ്‌ടിക്കും. വ്യവസായികൾക്ക് ബി.ജെ.പി നൽകിയ പണം നാട്ടിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യും.

മോദിക്ക് പരിഭ്രമം: പ്രിയങ്ക

രാജ്യത്തിന്റെ മുഴുവൻ സ്വത്തും ചില ശതകോടീശ്വരന്മാർക്ക് നൽകിയതിന്റെ പരിഭ്രമത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണമെന്ന് ഐ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ജനങ്ങളെ പേടിച്ച് നിരവധി വിശദീകരണങ്ങളാണ് മോദി നൽകുന്നത്. രാഹുലിനെ 'രാജകുമാരൻ' എന്ന് വിളിക്കുന്നു. മോദി സ്വയം ഒരു 'ഷെഹൻഷ'യാണ് (ചക്രവർത്തി). അദ്ദേഹം വിമാനത്താവളങ്ങൾ, റോഡുകൾ, കൽക്കരി ഫാക്ടറികൾ എല്ലാം അവർക്ക് നൽകി. യുവാക്കൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയവരുടെ ഉന്നമനത്തിൽ ശ്രദ്ധിക്കുന്നതിനാലാണ് കോൺഗ്രസ് പ്രകടന പത്രികയെ മോദി എതിർക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Advertisement
Advertisement