എൻ. സി. പി ലയിച്ചേക്കുമെന്ന് സൂചന, ശരദ് പവാർ വീണ്ടും കോൺഗ്രസിലേക്ക് ?

Thursday 09 May 2024 12:35 AM IST

ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ വിദേശപൗരത്വം ഉന്നയിച്ച് പാർട്ടി വിട്ട് എൻ.സി.പി രൂപീകരിച്ച ശരദ് പവാർ കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി സൂചന. കോൺഗ്രസും എൻ.സി.പിയും തമ്മിൽ പ്രത്യശയാസ്‌ത്ര വ്യത്യാസങ്ങളില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഒരു ദേശീയ മാദ്ധ്യമവുമായുള്ള അഭിമുഖത്തിൽ പവാർ ലയന സൂചന നൽകിയത്.

2024ലെ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ രാഷ്ട്രീയം പുനഃക്രമീകരിക്കപ്പെടുമെന്ന് പവാർ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ, നിരവധി പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി കൂടുതൽ അടുക്കും. അല്ലെങ്കിൽ കോൺഗ്രസിൽ ലയിച്ചേക്കാം. ലയനം സ്വന്തം പാർട്ടിക്ക് ബാധകമാണോ എന്ന ചോദ്യത്തിനാണ് എൻ.സി.പിയും കോൺഗ്രസും തമ്മിൽ പ്രത്യയശാസ്‌ത്ര വ്യത്യാസം ഇല്ലെന്നും നെഹ്റുവിയൻ ചിന്താഗതി പുലർത്തുന്നവരാണെന്നും പവാർ മറുപടി നൽകിയത്. ലയനത്തെക്കുറിച്ച് സഹപ്രവർത്തകരുമായി ആലോചിക്കാതെ ഒന്നും പറയുന്നില്ലെന്നും ഏതു തീരുമാനവും കൂട്ടായി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികളിൽ വലിയൊരു വിഭാഗം ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും ഇഷ്ടപ്പെടുന്നില്ല. അവർ ഒന്നിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തായാലും മോദിയുമായി സഹകരിക്കില്ല. അത് ദഹിക്കാൻ ബുദ്ധിമുട്ടാണ്. നിരവധി ചെറുപ്പക്കാർ പ്രതിപക്ഷ പാർട്ടികളുമായി സഹകരിക്കുന്നുണ്ട്.
1977ൽ ജനതാ പാർട്ടി അധികാരത്തിലേറിയ പോലുള്ള സാഹചര്യമാണ് ഇപ്പോഴെന്നും പവാർ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് ജനതാ പാർട്ടി രൂപീകരിച്ചത്. അന്നും തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പിന്നീടാണ് മൊറാർജി ദേശായിയെ തിരഞ്ഞെടുത്തത്. അന്ന് മൊറാർജിക്ക് ലഭിച്ചതിനെക്കാൾ സ്വീകാര്യത ഇന്ന് രാഹുലിനുണ്ട്. അദ്ദേഹം എല്ലാവരുമായും ബന്ധം കെട്ടിപ്പടുക്കുന്നു. സമാന ചിന്താഗതിക്കാരെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. മോദിക്കൊപ്പം ചേർന്നവരെ ജനങ്ങൾ ഇഷ്‌ടപ്പെടില്ലെന്ന് എൻ.സി.പി, ശിവസേന പിളർപ്പിനെ പരാമർശിച്ച് പവാർ പറഞ്ഞു.

Advertisement
Advertisement