ബംഗാൾ രാജ്‌ഭവൻ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കും

Thursday 09 May 2024 12:18 AM IST

ന്യൂഡൽഹി: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പൊലീസിന് നൽകാത്ത സിസിടിവി ദൃശ്യങ്ങൾ രാജ്‌ഭവൻ വളപ്പിൽ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ ഗവർണർ സി.വി. ആനന്ദബോസ് നിർദ്ദേശം നൽകി. ഇ-മെയിൽ അപേക്ഷ നൽകുന്നവരിൽ നിന്ന് 100 പേരെ തിരഞ്ഞെടുത്ത് ഇന്ന് രാവിലെ 11.30ന് 'സച്ച് കെ സാംനേ'(സത്യത്തിന് മുന്നിൽ) എന്ന പേരിൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യും. ദൃശ്യങ്ങൾ രാജ്ഭവൻ പങ്കിടുന്നില്ലെന്ന പോലീസിന്റെ തെറ്റായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണർ സി.വി. ആനന്ദ ബോസ് തീരുമാനമെടുത്തതെന്ന് കൊൽക്കത്ത രാജ്ഭവൻ എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രി മമത ബാനർജിയും പൊലീസും ഒഴികെ ബംഗാളിലെ ഏതൊരു പൗരനും സിസിടിവി ദൃശ്യങ്ങൾ കാണാമെന്നും രാജ്ഭവൻ വിശദീകരിക്കുന്നു. ദൃശ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് രാജ്ഭവനിലേക്ക് മെയിൽ അയയ്‌ക്കാം. ആദ്യത്തെ 100 പേരെ ഇന്ന് രാവിലെ 11.30ന് രാജ്ഭവനിലെ സ്‌ക്രീനിംഗിലേക്ക് ക്ഷണിക്കുമെന്നും പോസ്റ്റിൽ പറയുന്നു.കരാർ ജീവനക്കാരി നൽകിയ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.