മലയാളികളെ പണിക്കിറക്കി, ഭായിമാർ സൂപ്പർവൈസറെ ഇടിച്ച് വീഴ്ത്തി

Thursday 09 May 2024 1:22 AM IST
സൂപ്പർവൈസറെ മർദ്ദിച്ച അതിഥി തൊഴിലാളികൾ

മുണ്ടക്കയം: മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയ സൂപ്പർവൈസർക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ക്രൂരമർദ്ദനം. പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമ്മാണത്തിനിടെയാണ് സൂപ്പർവൈസർ ആലുവ സ്വദേശി ബിജു മാത്യുവിന് നേരെ അസാം സ്വദേശികളായ തൊഴിലാളികളുടെ അതിക്രമം ഉണ്ടായത്.

ചൂട് കൂടിയ സാഹചര്യത്തിൽ സർക്കാർ ജോലി സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് പ്രകാരം അന്യസംസ്ഥാന തൊഴിലാളികളോട് രാവിലെ 6 മുതൽ 11 വരെ ജോലി ചെയ്യണമെന്ന് സൂപ്പർവൈസർ ആവശ്യപ്പെട്ടു.

എന്നാൽ ഇവർ ഇതിന് തയ്യാറായില്ല രാവിലെ എട്ടരയായിട്ടും ഇവർ ജോലിക്ക് എത്താത്തതിനെ തുടർന്ന് മിക്സ് ചെയ്ത കോൺക്രീറ്റ് നശിച്ചു പോകുമെന്ന സാഹചര്യത്തിൽ പ്രദേശവാസികളായ തൊഴിലാളികളെ സൂപ്പർവൈസർ പണിക്ക് വിളിച്ചു.

പ്രദേശവാസികളായ തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോടെ ഈ സമയത്ത് അവിടെയെത്തിയ എട്ടോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ബിജുവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബിജുവിനെ ചവിട്ടി നിലത്തിട്ട ശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പിടിച്ച് മാറ്റി പെരുവന്താനം പൊലീസിൽ വിവരം അറിയിച്ചു. പെരുവന്താനം പോലിസ് എത്തി നിർമ്മാണ സ്ഥലത്ത് നിന്നും സൂപ്രവൈസറെ മർദ്ദിച്ച 8 അന്യസംസ്ഥാ തൊഴിലാളികളെ മാറ്റി. ബിജു കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇടുക്കി - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നിർമ്മാണം മഴക്കാലം തുടങ്ങുന്നതിന് മുൻപ് തീർക്കുന്നതിനായുള്ള അതിവേഗ നിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്. ഇതിന് പിന്തുണയുമായി നാട്ടുകാർ എല്ലാദിവസവും നിർമ്മാണ സ്ഥലത്ത് ഉണ്ട്. നിർമ്മാണ പ്രവർത്തിന് ഒരു തടസ്സവും ഉണ്ടാകരുത് എന്നത് കൊണ്ടാണ് നാട്ടുകാർ പണിയ്ക്ക് ഇറങ്ങിയതെന് വാർഡ് അംഗം പി.വി.വിശ്വ ഭരൻ പറഞ്ഞു.