റാഫയിൽ ആശങ്ക; ഇസ്രയേലിന് ബോംബ് നൽകാതെ യു.എസ്

Thursday 09 May 2024 7:29 AM IST

ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ കരയാക്രമണം ആസന്നമായിരിക്കെ ഇസ്രയേലിലേക്കുള്ള ബോംബ് കയറ്റുമതി താത്കാലികമായി നിറുത്തിവച്ച് യു.എസ്. റാഫയിലെ ജനങ്ങളെക്കുറിച്ചുള്ള യു.എസിന്റെ ആശങ്കകൾ ഇസ്രയേൽ പരിഗണിച്ചില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു. റാഫയിൽ ആക്രമണം നടത്തരുതെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശം ഇസ്രയേൽ കണക്കിലെടുക്കാത്തത് കടുത്ത അതൃപ്തിക്ക് കാരണമായി.

അതേസമയം റാഫയടക്കം ഗാസയിലെമ്പാടും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ചൊവ്വാഴ്‌ച ഈജിപ്റ്റിൽ നിന്ന് ഗാസയിൽ സഹായമെത്തിക്കുന്ന റാഫ അതിർത്തി നിയന്ത്രണത്തിലാക്കിയ ഇസ്രയേൽ അവിടെ ടാങ്കുകൾ വിന്യസിച്ചു. രണ്ടാം ദിനമായ ഇന്നലെയും റാഫ അതിർത്തി അടഞ്ഞുകിടന്നു. സഹായ ട്രക്കുകൾക്ക് പ്രവേശിക്കാനാകാത്തതിനാൽ ഗാസയിൽ വീണ്ടും ഭക്ഷ്യ, ജല ക്ഷാമം രൂക്ഷമായേക്കുമെന്നാണ് ഭീതി. ഇതിനിടെ തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കേരെം ഷാലോം അതിർത്തി ഇസ്രയേൽ തുറന്നത് ആശ്വാസമായി. കഴിഞ്ഞയാഴ്ച ഹമാസ് ആക്രമണത്തെ തുടർന്നാണ് ഇവിടം അടച്ചത്. റാഫയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ നിർദ്ദേശ പ്രകാരം ജനങ്ങളുടെ പലായനം തുടരുകയാണ്. 20 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലേക്ക് ഒഴിയാനാണ് നിർദ്ദേശം.

 വീണ്ടും ചർച്ച

ഈജിപ്റ്റിലെ കയ്‌റോയിൽ മദ്ധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ വീണ്ടും വെടിനിറുത്തൽ ചർച്ച തുടങ്ങി. ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികൾ ഒരുമിച്ച് പങ്കെടുക്കുന്നതിനാൽ ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് അറിയിച്ചു. വെടിനിറുത്തലിന് സമ്മതമാണെന്ന് നേരത്തെ ഹമാസ് അറിയിച്ചെങ്കിലും ഇസ്രയേൽ മുഖംതിരിച്ചിരുന്നു. 34,800ലേറെ പാലസ്തീനികൾ ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടു.

 കിഴക്കൻ റാഫയിൽ

 തിങ്കൾ മുതൽ പലായനം ചെയ്തത് - 10,000 പേർ

 ആകെ ഒഴിപ്പിക്കുക - 1,00,000 പേരെ

Advertisement
Advertisement