രാം ലല്ലയ്‌ക്ക് മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച് ആരിഫ് മുഹമ്മദ് ഖാൻ; അയോദ്ധ്യ രാമക്ഷേത്രത്തിലെ വീഡിയോ പുറത്ത്

Thursday 09 May 2024 10:25 AM IST

അയോദ്ധ്യ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി. ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. ഇന്നലെയായിരുന്നു ഗവർണർ ക്ഷേത്ര ദർശനം നടത്തിയത്.

'ജനുവരിയിൽ ഞാൻ രണ്ടുതവണ അയോദ്ധ്യയിൽ എത്തിയിരുന്നു. മുമ്പും നിരവധി തവണ ഇവിടേക്ക് വന്നിട്ടുണ്ട്. അന്നും ഇന്നും ഒരേ വികാരം തന്നെയാണ്. സന്തോഷം മാത്രമല്ല, അഭിമാനത്തിന്റെ നിമിഷമാണിത്. അതിനാലാണ് അയോദ്ധ്യയിലെത്തി ശ്രീരാമനെ പ്രാർത്ഥിക്കുന്നത് ', ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗവർണർ പങ്കുവച്ച വീഡിയോയിൽ, രാം ലല്ലയുടെ പ്രതിഷ്‌ഠയ്‌ക്ക് മുന്നിൽ നിന്ന് സാഷ്‌ടാംഗം പ്രണമിക്കുന്നതും കാണാം. ജയ്‌ ശ്രീ റാം എന്ന് ഭക്തർ ഉറക്കെ മന്ത്രം പറയുന്നതും വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.

രാഷ്‌ട്രപതി ദ്രൗപതി മുർമുവും കഴിഞ്ഞയാഴ്‌ച അയോദ്ധ്യ ക്ഷേത്രം സന്ദർശിച്ചിരുന്നു. ആദ്യമായാണ് ദ്രൗപതി മുർമു രാമക്ഷേത്ര ദർശനം നടത്തിയത്. രാമക്ഷേത്രം സന്ദർശിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെത്തിയിരുന്നു. തുടർന്ന്, സരയൂ തീരത്തെ ആരതിയിലും പങ്കുകൊണ്ടിരുന്നു. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ആണ് അയോദ്ധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രാഷട്രപതിയെ സ്വീകരിച്ചത്.