അവരെല്ലാം വിരമിച്ച് വിശ്രമജീവിതം നയിക്കുവല്ലേ? മർദ്ദിച്ച പൊലീസുകാർക്കെതിരെ പരാതിയില്ലെന്ന് മഞ്ഞുമ്മൽ ബോയ്‌സ്

Thursday 09 May 2024 3:23 PM IST

കൊച്ചി: ഗുണകേവിൽ കയറിയതിന്റെ പേരിൽ തമിഴ്‌നാട് പൊലീസിൽ നിന്ന് അനുഭവിച്ച മർദ്ദനത്തിൽ പരാതിയില്ലെന്ന് മഞ്ഞുമ്മൽ ബോയ്‌സ്. അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പ്രതികരിച്ചു.

ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ഞുമ്മല്‍ ടീം നേരിട്ട പൊലീസ് നടപടി അന്വേഷിക്കാന്‍ തമിഴ്നാട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു.

കേസില്‍ അന്വേഷണം അനാവശ്യമാണെന്ന് 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ സംവിധായകന്‍ ചിദംബരവും പ്രതികരിച്ചു. സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും ചിദംബരം പറഞ്ഞു.

അതേസമയം, മഞ്ഞുമ്മൽ​ ബോയ്‌സ്' സിനിമയുടെ നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ,​ ഷോൺ ആന്റണി എന്നിവരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഈ മാസം 22വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹെെക്കോടതിയാണ് ഉത്തരവിട്ടത്. ഷോൺ ആന്റണി,​ സൗബിൻ ഷാഹിർ,​ ബാബു ഷാഹിർ എന്നിവർക്കെതിരെ നേരത്തെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന ,​ വിശ്വാസ വഞ്ചന,​ വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകളിലാണ് കേസ്.

മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. 2022ലാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരൻ പറയുന്നു. സിനിമയുടെ നിർമാണത്തിന് പണം മുടക്കാൻ പറവ ഫിലിംസാണ് സമീപിച്ചത്.2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കൾ പണം കെെപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റെെറ്റ്സ് നൽകിയതിലൂടെ 20കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ ചിത്രത്തിന്റെ നിർമാതകളായ സൗബിൻ ഷാഹിർ,​ ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്.