ആയുർവേദ ഔഷധ നിർമ്മാണ യൂണിറ്റ് കെട്ടിടം,​ കാടുകയറി നശിപ്പിക്കരുത്,​ പുതിയ പദ്ധതികൾ വരട്ടെ

Friday 10 May 2024 12:55 AM IST

മുണ്ടക്കയം : ആയുർവേദ ഔഷധ നിർമാണ യൂണിറ്റിനായി പുഞ്ചവയൽ 504 കോളനിയ്ക്ക് സമീപം ആരംഭിച്ച കെട്ടിടവും അനുബന്ധ സാധനങ്ങളും പതിറ്റാണ്ടുകളായി കിടന്ന് നശിക്കുന്നു. 1985 ലാണ് കെട്ടിടം നിർമ്മിച്ചത്. മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു ദത്താത്രയ ഔഷധ നിർമ്മാണ കേന്ദ്രത്തിന്റെ ആരംഭം. പിന്നീട് പട്ടികജാതി സൊസൈറ്റിയുടെ പൂർണ ചുമതലയിലായി. വനം മേഖലയുമായി ബന്ധപ്പെട്ട ഇവിടെ പച്ച മരുന്നുകൾ ശേഖരിച്ച് ആയുർവേദ തൈലം, ലേഹ്യം, പൽപ്പൊടി തുടങ്ങിയവ ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. രണ്ട് ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ പ്രവർത്തിച്ച കേന്ദ്രത്തിൽ പ്രദേശത്തെ നിരവധി ആളുകൾക്ക് ജോലിയും ലഭിച്ചു. എന്നാൽ സൗജന്യമായി നൽകുന്ന മരുന്നുകൾക്ക് ലൈസൻസ് എടുക്കാതെ വിതരണം ആരംഭിച്ചപ്പോൾ മറ്റ് മരുന്നു കമ്പനികളുടെ പരാതിയെ തുടർന്ന് പദ്ധതിയുടെ പ്രവർത്തനം ഒരു വർഷത്തിനകം നിലച്ചു. ഇതോടെ 3500 സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടം കാട് കയറി നശിക്കാൻ തുടങ്ങി.

എട്ടുലക്ഷം രൂപയുടെ സാമഗ്രികൾ

ഓട്ടുരുളികൾ ഉൾപ്പെടെ എട്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവിടെയുണ്ട്. പട്ടികജാതി ഡെവലപ്പ്മെന്റ് സൊസൈറ്റിയ്ക്ക് പുതിയ ഭാരവാഹികൾ മാറി വന്നത് അല്ലാതെ പദ്ധതി വീണ്ടും ആരംഭിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ഇവിടെ നിന്ന് ഉരുളികൾ മോഷണം പോയതായും പറയപ്പെടുന്നു. ഒപ്പം സാമൂഹ്യവരുദ്ധരുടെ കേന്ദ്രമായും പരിസരം മാറി.

നിയന്ത്രണം അഡ്ഹോക്ക് കമ്മിറ്റിയ്ക്ക്

നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയ്ക്കാണ് കെട്ടിടത്തിന്റെ നിയന്ത്രണം. മൂന്ന് വർഷം മുൻപ് പദ്ധതി വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കമ്മിറ്റി കൺവീനർ സുനിൽ കുമാർ പറയുന്നു. ഇത്രയും സൗകര്യമുള്ള കെട്ടിടവും അനുബന്ധ സാഹചര്യങ്ങളും പട്ടികജാതി വികസന പദ്ധതികൾക്കായി വീണ്ടെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Advertisement
Advertisement