സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

Friday 10 May 2024 1:48 AM IST

കായംകുളം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ കോർപ്പറേഷൻ 22-ാം വാർഡിൽ വൈനഗറിൽ ബദരിയ മൻസിലിൽ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

സ്കൂളുകളിലെ അദ്ധ്യാപകരുടെ നമ്പർ തരപ്പെടുത്തി, സിനിമാ നിർമ്മാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചു നൽകിയ ശേഷം അഭിനയിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥിനികളുടെ ഓഡിഷൻ നടത്താനാണെന്ന് പറഞ്ഞ് പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി. പിന്നീട് പെൺകുട്ടികളുടെ ഫോണിലേക്ക് വിളിക്കുകയും വീഡിയോ കോളിൽ ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഒരു രംഗം അഭിനയിച്ചു കാണിച്ചു കഴിയുമ്പോൾ അടുത്ത രംഗം അഭിനയിക്കാൻ ഡ്രസ് മാറാൻ ആവശ്യപ്പെടും. മൊബൈൽ ഫോണിലെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഡ്രസ് മാറിയത് പെൺകുട്ടികൾ അറിയാതെറെക്കാഡ് ചെയ്യും.

കൂട്ടുകാരികൾക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് അവരുടെ നമ്പരും കൈക്കലാക്കി അവരേയും ഇത്തരത്തിൽ വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തും. ഇത് തട്ടിപ്പാണെന്നറിഞ്ഞ് പെൺകുട്ടികൾ വിളിക്കുമ്പോൾ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും.

മുമ്പും പെൺകുട്ടികളുടെ വീഡിയോ റെക്കാഡ് ചെയ്തതിന് ഇയാളുടെ പേരിൽ നൂറനാട്, കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈ.എസ്.പി. അജയനാഥ്, സി.ഐ.സുധീർ എസ്.ഐമാരായ ഹാഷിം, രതീഷ് ബാബു, എ.എസ്.ഐ. ജീജാ ദേവി, പൊലീസുകാരായ അരുൺ, ഗിരീഷ്, ദീപക്, ഷാജഹാൻ, അഖിൽ മുരളി,ഇയാസ് മണിക്കുട്ടൻ, വിഷ്ണു, ഫിറോസ്, അനീഷ്, അഖിൽ, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement