കർണാടക അശ്ലീല വീഡിയോ വിവാദം; അന്വേഷണ സംഘത്തെ കുടുക്കി അപ്രതീക്ഷിത ട്വിസ്റ്റ്, വ്യാജ കേസെന്ന് മൊഴി

Friday 10 May 2024 10:04 AM IST

ബംഗളൂരു: ജെഡിഎസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട് ലൈംഗിക വിവാദക്കേസിൽ ട്വിസ്റ്റ്. പൊലീസുകാരാണെന്ന് അവകാശപ്പെട്ട ഒരു സംഘത്തിന്റെ ഭീഷണിയെ തുടർന്നാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ പരാതി നൽകിയതെന്ന് പരാതിക്കാരിൽ ഒരാളായ യുവതി ദേശീയ വനിത കമ്മിഷന് മുമ്പാകെ മൊഴി നൽകി. ദേശീയ വനിത കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെയും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനുമെതിരെ മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. വേശ്യാവ‌ൃത്തിക്കെതിരെ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് മൊഴി എടുത്തതെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് സർക്കാരിന് അനുകൂലമായി പ്രസ്താവന നടത്തിയില്ലെങ്കിൽ വേശ്യാവൃത്തിക്കുറ്റം ചുമത്തുമെന്ന് എസ്‌ഐടി ഉദ്യോഗസ്ഥർ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

'കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ഇരകളുടെ പടിവാതിലിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഞങ്ങളോട് പറയൂ, പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ ഇരകളെ വ്യാജ വേശ്യാവൃത്തിക്കേസുകൾ ചുമത്തി ഭീഷണിപ്പെടുത്തുന്നത് ഒരു വസ്തുതയല്ലേ? ഇങ്ങനെയാണോ ഒരു കേസിൽ അന്വേഷണം നടത്തേണ്ടത്. തട്ടിക്കൊണ്ടുപോയ സ്ത്രീയെ നിങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് അവരെ കോടതിയിൽ ഹാജരാക്കാത്തത്? ഇരകളുടെ സ്വകാര്യ വീഡിയോകൾ വിതരണം ചെയ്യുന്ന നടപടിയെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ?'- എച്ച്.ഡി കുമാരസ്വാമി ചോദിച്ചു.

ദേവഗൗഡയുടെ മകൻ എച്ച്.ഡി രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ. കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്ന 26നു രണ്ടുദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ അശ്ലീല വിഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. 25ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർത്ഥിച്ചു.

വോട്ടെടുപ്പിനു പിറ്റേന്നാണ് സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ ആദ്യമായി ജയിച്ചത്. 2004 മുതൽ 2019 വരെ എച്ച്.ഡി ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഹാസൻ.

Advertisement
Advertisement