റബർ കയറ്റുമതി ഇൻസെന്റീവ് പദ്ധതി പാളി , റബർ ബോർഡും കൈവിട്ടു, കർഷകർക്ക് കണ്ണീർപ്പാൽ

Saturday 11 May 2024 1:26 AM IST

കോട്ടയം : കേരളത്തിൽ നിന്ന് വിദേശത്തേയ്ക്ക് റബർ കയറ്റുമതി ചെയ്യുന്നവർക്ക് ഇൻസെന്റീവ് പ്രഖ്യാപിച്ച റബർ ബോർഡ് പദ്ധതി പാളി.

അന്താരാഷ്ട്ര വില ഉയരുകയും, ആഭ്യന്തര വില താഴുകയും ചെയ്തതോടെ കേരളത്തിലെ കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുന്നതിനായിരുന്നു കിലോയ്ക്ക് അഞ്ചുരൂപ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. എന്നാൽ കാര്യമായ വർദ്ധനവ് ഷീറ്റ് കയറ്റുമതിയിൽ ഉണ്ടായില്ല. 2023 - 24ൽ 4200 മെട്രിക് ടൺ റബറാണ് കയറ്റുമതി ചെയ്യാനായത്. ജൂൺ 30 വരെയാണ് പദ്ധതി കാലയളവ്. കയറ്റുമതി ലൈസൻസുള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം. ടയർ കമ്പനികൾക്ക് ഷീറ്റിനോടല്ല വിലക്കുറവുള്ള ബ്ലോക്ക് റബറും, കോമ്പൗണ്ട് റബറും വാങ്ങുന്നതിനോടാണ് താത്പര്യം. അന്താരാഷ്ട്ര തലത്തിൽ റബർ ഉത്പാദനത്തിൽ ഇടിവ് ഉണ്ടായതോടെ വില ഉയരേണ്ടതാണ്. എന്നാൽ വിദേശ വിപണിയിൽ റബർ വില ഇടിഞ്ഞത് പദ്ധതിയ്ക്ക് ദോഷമായി. വിയറ്റ്നാമിൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയായതും കയറ്റുമതിയെ ബാധിച്ചു.

നിബന്ധനകൾ പൊല്ലാപ്പായി

40 ടൺ വരെ ഇൻസെന്റീവ്

പരമാവധി രണ്ടു ലക്ഷം രൂപ

കയറ്റുമതി ലൈസൻസുള്ളവർ കുറവ്

ജൂൺ വരെയുള്ള കുറഞ്ഞ കാലയളവ്

ഉത്പാദനം കുറഞ്ഞിട്ടും വില താഴോട്ട് തന്നെ

വേനൽ മഴ ശക്തമാകാത്തതിനാൽ ടാപ്പിംഗ് പുന:രാരംഭിച്ചിട്ടില്ല. ഉത്പാദനം കുറഞ്ഞെങ്കിലും വില ഉയർന്നില്ല. ആർ.എസ്.എസ് ഫോറിന് 187 വരെ ഉയർന്ന റബർ ബോർഡ് വില 180.50 രൂപയായി താഴ്ന്നു. വ്യാപാരി വില ഫോറിന് 175. 50 ഉം അന്താരാഷ്ട്ര വില ബാങ്കോക്കിൽ ഫോറിന് 183 രൂപയുമാണ്. ഈ സാഹചര്യത്തിൽ കയറ്റുമതി കൊണ്ട് മെച്ചമില്ലാതായി. എന്നാൽ റബർ വില താഴാതെ പിടിച്ചു നിറുത്താൻ പദ്ധതി സഹായകമായെന്നാണ് റബർ ബോർഡ് പറയുന്നത്.

''

ഒരു കിലോ റബർ കയറ്റുമതി ചെയ്താൽ അഞ്ചുരൂപ ഇൻസെന്റീവ് നൽകുന്ന പദ്ധതിയുടെ പ്രയോജനം കയറ്റുമതി ലൈസൻസുള്ള വൻ കിടക്കാർക്കാണ്. കൂടുതൽ കർഷകർക്ക് പ്രയോജനപ്പെടാൻ സബ്സിഡി നിരക്ക് കൂട്ടാനാണ് ബോർഡ് ശ്രമിക്കേണ്ടത്.

ജോൺ മാത്യു (റബർ കർഷകൻ)​

Advertisement
Advertisement