പ്ളസ്ടു ഫലമെത്തി, ഉഷാറായി റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ

Saturday 11 May 2024 12:59 AM IST

കോട്ടയം : പ്ലസ്ടു ഫലം കൂടി പുറത്തു വന്നതോടെ വിദേശത്തും അന്യസംസ്ഥാനങ്ങളിലും പഠനാവസരങ്ങളുമായി റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ ഒരുങ്ങി. ബിരുദ പ്രവേശനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസിനോട് ഒരു വിഭാഗം താത്പര്യം കാട്ടുമ്പോൾ നഴ്സിംഗ്, ഹോട്ടൽ മാനേജമെന്റ് , ഗ്രാഫിക്സ് ഡിസൈനിംഗ്, വിവിധ ടെക്സിനിക്കൽ കോഴ്സുകളടക്കം പ്രൊഫഷണൽ കോഴ്സുകളുടെ സാദ്ധ്യത തിരയുകയാണ് മറ്റ് ചിലർ. ബംഗളൂരു, തമിഴ്നാട്, ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളേജുകൾ ഫലം വരും മുൻപ് സജീവമായി. ഉയർന്ന പഠന സാദ്ധ്യതകളും വിശാലമായ കോഴ്സ് രീതികളുമാണ് വിദ്യാർത്ഥികളെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് ആകർഷിക്കുന്നത്. മംഗലാപുരം ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ഡബിൾ മെയിൻ ബിരുദ കോഴ്സുകൾ, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്സുകൾ എന്നിവയ്ക്കും ജില്ലയിൽ നിന്ന് പഠിതാക്കളുണ്ട്. നാട്ടിൽ കൂണുപോലെ എൻജിനിയറിംഗ് കോളേജുകളുള്ളതിനാൽ എൻട്രൻസ് എഴുതിയവരെ തപ്പി അവരും ഇറങ്ങിയിട്ടുണ്ട്.

പ്രിയം വിദേശ രാജ്യങ്ങളോട്

കാനഡ, യു.കെ, ജർമ്മനി രാജ്യങ്ങളിലേക്ക് ഉന്നത പഠനവും ജോലിയും ലക്ഷ്യംവച്ച് നിരവധിപ്പേരാണ് വർഷാവർഷം പോകുന്നത്. പഴയത് പോലെ ഈ രാജ്യങ്ങളിൽ അനുകൂല സാഹചര്യമല്ലെങ്കിലും വിദേശ പഠനമോഹത്തിന് കുറവില്ല. ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുമേറി. ഐ.ഇ.എൽ.ടി.എസ് കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പതിവിനേക്കാൾ തിരക്കാണ്. ഇത്തരം സ്ഥാപനങ്ങളുടെ എണ്ണവും വർദ്ധിച്ചു. റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ രക്ഷിതാക്കളെ വിളിച്ച് ക്യാൻവാസിംഗും ആരംഭിച്ചു.

 പ്ലസ്ടു പാസായത് : 15597 പേർ

'' വിദേശത്തേയ്ക്കുള്ള ഒഴുക്ക് ട്രെൻഡാണെങ്കിലും ഇനി എത്ര സാദ്ധ്യതയെന്നത് ചിന്തിക്കേണ്ടതാണ്. ആളുകൾ കൂടുംതോറും പാർട്ട് ടൈം ജോലി ലഭിക്കാനുള്ള സാദ്ധ്യത കുറയുകയാണ്''

അനീഷ് മോഹൻ , കരിയർ വിദഗ്ദ്ധൻ

Advertisement
Advertisement