തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ. തൃശൂർ വിൽവട്ടം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കൃഷ്‌ണകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. ആർഒആർ സർട്ടിഫിക്കറ്റ് ശരിയായി നൽകാനായി 2000 രൂപയാണ് കൃഷ്‌ണകുമാർ ആവശ്യപ്പെട്ടത്. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വില്ലേജ് ഓഫീസറുമായി സംസാരിച്ച് അദ്ദേഹത്തെ സ്വാധീനിച്ച് സർട്ടിഫിക്കറ്റ് നാങ്ങി നൽകാം എന്ന് പറഞ്ഞാണ് കൃഷ്‌ണകുമാർ പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്. കൃഷ്‌ണകുമാർ പണം ആവശ്യപ്പെട്ട സമയത്ത് തന്നെ പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെട്ടു. ഉടൻ തന്നെ വിജിലൻസ് സംഘം സ്ഥലത്തെത്തി.
പരാതിക്കാരൻ കൃഷ്‌ണകുമാറിന് പണം കൈമാറിയ ഉടൻ വിജിലൻസ് സംഘം ഓഫീസിനുള്ളിലേക്ക് എത്തുകയും പരാതിക്കാരൻ നൽകിയ പണത്തിനൊപ്പം കൃഷ്‌ണകുമാറിനെ കയ്യോടെ കസ്റ്രഡിയിലെടുക്കുകയും ചെയ്‌തു. കൃഷ്‌ണകുമാറിന്റെ കയ്യിലുണ്ടായിരുന്ന പണം കൈക്കൂലിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൃഷ്‌ണകുമാർ ഇതിന് മുമ്പും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെക്കുറിച്ചും വിശദമായി അന്വേഷിക്കും. ഇപ്പോൾ കൈക്കൂലി വാങ്ങിയതിന് തുടർനടപടികൾ ഉണ്ടാകുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃശൂർ വിജിലൻസ് സംഘമാണ് കൃഷ്‌ണകുമാറിനെ കസ്‌റ്റഡിയിലെടുത്തത്.