ബ്രഹ്മാണ്ഡ റിലീസിന് ടർബോ

Saturday 11 May 2024 6:00 AM IST

ട്രെയിലർ ലോഞ്ച് നാളെ ദുബായിൽ,

ആദ്യ പ്രദർശനം രാവിലെ 9ന്

മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ 60ലധികം വിദേശ രാജ്യങ്ങളിൽ റിലീസിന്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ ആഗോള റിലീസാണ് ടർബോ സ്വന്തമാക്കുന്നത്. മലയാള സിനിമ വൻ വിജയ കുതിപ്പ് നടത്തുമ്പോൾ എത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലയിലും ടർബോ നൽകുന്ന പ്രതീക്ഷ വലുതാണ്. ട്രെയിലർ ലോഞ്ച് നാളെ രാത്രി 7.30ന് (ഇന്ത്യൻ സമയം 9ന് ) ദുബായ് സിലിക്കൽ സെൻട്രൽ മാളിൽ നടക്കും. മാസ് ആക്ഷൻ കോമഡി ചിത്രമായ ടർബോ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പോഡ് ഇന്ത്യൻ മൂവീസിൽ രണ്ടാംസ്ഥാനം സ്വന്തമാക്കി. ഉലകനായകന്റെ ഇന്ത്യൻ 2 , രാജ് കുമാർ റാവുവിന്റെ ശ്രീകാന്ത് എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ടർബോ രണ്ടാംസ്ഥാനത്ത് എത്തിയത്.ടർബോയുടെ ടീസറും ട്രെയിലറും പുറത്തുവരുന്നതിനുമുൻപേ പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷിക്കുന്ന ഇന്ത്യൻ സിനിമയായി ടർബോ മാറിയിരുന്നു.

മേയ് 23ന് റിലീസ് ചെയ്യുന്ന ടർബോയ്ക്ക് കേരളത്തിൽ 400 ലധികം കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തും . രാവിലെ 9നാണ് ആദ്യ പ്രദർശനം. തിരുവനന്തപുരത്ത് ന്യൂ തിയേറ്രറിലാണ് ഫാൻസ് ഷോ. ജീപ്പ് ഡ്രൈവറായ ജോസ് എന്ന ഇടിവെട്ട് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കന്നട താരം രാജ് ബി. ഷെട്ടി, തെലുങ്ക് നടൻ സുനിൽ,ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ് എന്നിവർ ടർബോയിൽ അണിനിരക്കുന്നു. സുനിലും കബീർ ദുഹാൻ സിംഗും ആദ്യമായാണ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്ത രുധിരം എന്ന

മലയാള ചിത്രത്തിൽ അപർണ ബാലമുരളിക്കൊപ്പം രാജ് ബി ഷെട്ടി അഭിനയിച്ചെങ്കിലും ഇനിയും റിലീസ് ചെയ്തില്ല. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ് , നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

ഹോളിവുഡ് സിനിമകളിലെ ചേസിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്ന പർസ്യൂട്ട് ക്യാമറ ആണ് ടർബോയിൽ ഉപയോഗിക്കുന്നത്. വിഷ്ണു ശർമ്മ ആണ് ഛായാഗ്രഹണം. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് രചന. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ബിഗ് ബഡ്ജറ്റിൽ നിർമ്മിക്കുന്ന ചിത്രത്തിന് ക്രിസ്റ്റോ സേവ്യർ പശ്ചാത്തല സംഗീതം ഒരുക്കുന്നു. വെഫേറർ ഫിലിംസാണ് ഫിലിംസ് ആണ് വിതരണം. ഒാവർ സീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ളോബൽ ഫിലിംസും.

Advertisement
Advertisement