നടപ്പാലം വാഗ്ദാനത്തിൽ മാത്രം; കാൽനടയാത്രക്കാർ ദുരിതത്തിൽ

Saturday 11 May 2024 2:49 AM IST

കാഞ്ഞാർ: തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ കാഞ്ഞാർ ടൗണിന് സമീപമുള്ള പാലത്തിന് വീതിയില്ലാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. ഏറെ തിരക്കുള്ള ഈ പാതയിൽ വാഹനങ്ങളുടെ തിരക്കൊഴിഞ്ഞ സമയമില്ല. ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങി നിൽക്കാൻ പോലും പാലത്തിൽ സ്ഥലമില്ല. പാലത്തിന്റെ രണ്ട് വശങ്ങളിലും ജലവിതരണ പൈപ്പ് സ്ഥാപിച്ചിട്ടുള്ളതിനാൽ കാൽനട യാത്രക്കാർക്ക് പാലത്തിന്റെ കൈവരിചേർന്ന് നിൽക്കാനും സാധിക്കില്ല. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കാൽനടയായി സഞ്ചരിക്കുന്ന പാലമാണിത്. പാലത്തിന്റെ വശങ്ങളിൽ കാൽനട യാത്രക്കാർക്കായി നടപ്പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. റോഷി അഗസ്റ്റിൻ എം.എൽ.എ മന്ത്രിയായപ്പോൾ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചു. എന്നാൽ നടപ്പാലം പണിയാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നില്ല. മന്ത്രിയുടെ വാക്കും പാഴ് വാക്കായി മാറുന്നതാണ് ജനങ്ങൾ കാണുന്നത്. മലങ്കര ജലസംഭരണിയുടെ ഭാഗമായി വെള്ളം കയറിക്കിടക്കുന്ന പഴയ കാഞ്ഞാർ പുഴയുടെ കുറുകെയാണ് പാലം സ്ഥിതി ചെയ്യുന്നത്. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അന്നത്തെ സാഹചര്യത്തിൽ പാലത്തിന് ഇപ്പോഴുള്ള വീതി മതിയായിരുന്നു. എന്നാൽ വാഹന തിരക്ക് കൂടുകയും കൂടുതൽ ആളുകൾ ഇടുക്കിയിലേക്കും മൂലമറ്റം ഭാഗത്തേക്കും സഞ്ചരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ പാലത്തിന്റെ വീതി അപര്യാപ്തമാണ്.

സാഹസികർക്കേ

നടക്കാനാകൂ

ഇരുവശങ്ങളിലായി നടപ്പാലം പണിയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വാഹനങ്ങൾ തിങ്ങിനിറഞ്ഞ് പോകുന്ന പാലത്തിൽ കാൽനട യാത്ര എന്നത് ഏറെ സാഹസമാണ്. മന്ത്രി റോഷി അഗസ്റ്റിൻ നടപ്പാലത്തിന് ഭരണാനുമതി നൽകിയെന്ന് പറയുമ്പോഴും, പ്രാരംഭ നടപടികൾ തുടങ്ങിയ ലക്ഷണമില്ല. കാൽനടയാത്രക്കാർക്ക് വാഹനപ്പേടിയില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement