കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ , പ്രതീക്ഷയോടെ പാലോടും

Saturday 11 May 2024 3:20 AM IST

പാലോട്: ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് പ്രതീക്ഷയിലാണ് പാലോട്ടെ പഴയ കെ.എസ്.ആർ.ടി.സി കെട്ടിടവും സ്ഥലവും.കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് പാലോട്ടുകാർക്ക് പ്രതീക്ഷയേകുന്നത്.ഏകദേശം രണ്ടര ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.ഈ സ്ഥലം പരിശീലനത്തിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് തയ്യാറായാൽ നാടിന്റെ മുഖഛായ തന്നെ മാറുമെന്നാണ് നാട്ടുകാർ പറയുന്നത്. വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് കോടതി ഉത്തരവിനെ തുടർന്ന് പാലോട് കുശവൂർ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. പിന്നീട് പഴയ ബസ് സ്റ്റാൻഡിനെ അധികൃതർ തഴഞ്ഞു.

വിവിധ കാലയളവിലായി ത്രിതല പഞ്ചായത്തുകൾ അനുവദിച്ചതും എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകകളും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്. തിരുവനന്തപുരം തെങ്കാശിപാതയിൽ സ്ഥിതി ചെയ്യുന്ന സ്ഥലവും കെട്ടിടവും പെട്രോൾ പമ്പ് ഉൾപ്പെടെയുള്ളവ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നടപടിയൊന്നും നാളിതുവരെ സ്വീകരിച്ചിട്ടില്ല.

ഇപ്പോഴത്തെ അവസ്ഥ

പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓഫീസ് കെട്ടിടവും ഗാരേജും കാടുകയറി നശിക്കുകയാണ്. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണിപ്പോൾ. കെട്ടിടങ്ങൾ മുഴുവൻ നശിച്ച് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി.

പ്രശ്നങ്ങൾക്ക് തുടക്കം

സ്ഥലപരിമിതിയാണ് പ്രതിസന്ധിയെന്ന പ്രചാരണത്തെ തുടർന്ന് നന്ദിയോട് പഞ്ചായത്തും നാട്ടുകാരും ചേർന്ന് ബസ് സ്റ്റാൻഡിന് സമീപം 1.57ഏക്കർ വസ്തുവും കൂടി വാങ്ങി നൽകിയതോടെ പ്രശ്നം രൂക്ഷമായി. വർഷങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡ് ആരംഭിക്കാത്തതിനാൽ സ്ഥലം തിരികെ ആവശ്യപ്പെട്ട് പെരിങ്ങമ്മല പഞ്ചായത്ത് കോടതിയെ സമീപിച്ചു. ബസ് സ്റ്റാൻഡ് ആരംഭിക്കുക അല്ലെങ്കിൽ സ്ഥലം പെരിങ്ങമ്മല പഞ്ചായത്തിന് വിട്ടു നൽകുക എന്ന കോടതി ഉത്തരവുണ്ടായി. ഇതോടെ നന്ദിയോട് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും എതിർപ്പവഗണിച്ച് ബസ് സ്റ്റാൻഡ് കുശവൂരിലേക്ക് മാറ്റി. ഇപ്പോൾ നന്ദിയോട് പഞ്ചായത്തും പാലോട്ടെ സുമനസുകളും വാങ്ങി നൽകിയ 1.57 ഏക്കർ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് നന്ദിയോട് പഞ്ചായത്ത്.


നടപടിയൊന്നും ഉണ്ടായില്ല

കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ 2022 ജനുവരി 25ന് പാലോട്ടത്തെ പഴയ ഡിപ്പോ സന്ദർശിച്ചിരുന്നു. കുശവൂരിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കെടുകാര്യസ്ഥതയെക്കുറിച്ചും പഴയ ഡിപ്പോയുടെ ശോചനീയാവസ്ഥയെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചിരുന്നു. കെട്ടിടങ്ങൾ മുഴുവൻ നശിച്ച് തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായെന്നും കുശവൂരിലെ കെ.എസ്.ആർ.ടി.സി സ്ഥാപനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായതിനെക്കുറിച്ചും അന്വേഷിക്കാനാണ് അദ്ദേഹമെത്തിയത്. പുതിയ വർക്‌ഷോപ്പ് ഇവിടെ തുടങ്ങാൻ കഴിയില്ലെന്നും പെട്രോൾ പമ്പ് പോലുള്ള മറ്റു സ്ഥാപങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും അന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല.

കെ.എസ്.ആർ.ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഡ്രൈവിംഗ് പരിശീലന കേന്ദ്രം തുടങ്ങിയാൽ ആദിവാസി വിഭാഗങ്ങളിലെ ഉൾപ്പെടെയുള്ളവർക്ക് മുതൽകൂട്ടാകും.

രാജ് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ, നന്ദിയോട്.

Advertisement
Advertisement