22 പേരുടെ ജീവന് വിലയില്ലേ ! താനൂർ ബോട്ടപകടം വിചാരണ നീളുന്നു

Saturday 11 May 2024 12:37 AM IST

താനൂർ ബോട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് ഒരാണ്ട് പിന്നിടുമ്പോഴും കുറ്റക്കാർക്കെതിരെ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. തൂവൽ തീരത്തുനിന്ന് പുറപ്പെട്ട ഉല്ലാസബോട്ട് പൂരപ്പുഴയുടെ ആഴങ്ങളിലേക്ക് മറിഞ്ഞ് 22 ജീവനുകൾ പിടഞ്ഞുതീർന്നതിന്റെ വേദന ഇപ്പോഴും ഇവിടെ തളംകെട്ടി നിൽക്കുന്നുണ്ട്. 2023 മേയ് എട്ടിനാണ് നിറയെ യാത്രക്കാരുമായി വിനോദയാത്രാ സർവീസ് നടത്തിയ അറ്റ്ലാന്റിക് ബോട്ട് അഴിമുഖത്ത് നിന്ന് 300 മീറ്റർ അകലെ തലകീഴായി മറിഞ്ഞത്. സ്വന്തം ജീവൻ പോലും പണയം വെച്ച് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ബോട്ടിലുണ്ടായിരുന്ന പലരേയും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാണ് ഉല്ലാസ ബോട്ടാക്കിയത്. ബോട്ടിന് റജിസ്‌ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. 24 പേർക്ക് കയറാൻ അനുമതിയുള്ള ബോട്ടിൽ അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതിനാൽ ബോട്ടിന്റെ ഭാരം കൂടി ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. യാത്രക്കാർ പലരും ലൈഫ് ജാക്കറ്റും ധരിച്ചിരുന്നില്ല. ബോട്ടിന്റെ ഫിറ്റ്നസിന് അപേക്ഷിച്ചപ്പോൾ കിട്ടിയ നമ്പർ രജിസ്റ്റർ നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സർവീസ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉടമയും ജീവനക്കാരും സഹായികളും പോർട്ട് ഉദ്യോഗസ്ഥരുമടക്കം 12 പേരെ സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളിൽ താനൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 13,186 പേജുകളുള്ള കുറ്റപത്രത്തിൽ 865 രേഖകളും 386 സാക്ഷിമൊഴികളുമുണ്ട്. ഇതുവരെ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ഇതുവരെ രണ്ട് സിറ്റിംഗുകൾ മാത്രമാണ് നടത്തിയത്. മൊഴികൾ പൂർണമായി എടുത്തിട്ടില്ല. ജുഡിഷ്യൽ കമ്മിഷൻ വിചാരണയും നീളുകയാണ്.

ചികിത്സയ്ക്ക് വഴിമുട്ടി ഇരകൾ
ദുരന്തം ഉണ്ടായതിന് പിന്നാലെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്ഥലം സന്ദർശിക്കുകയും ഇരകളുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ടവരുടെയും രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റവരുടെയും ചികിത്സാച്ചെലവ് പൂർണ്ണമായും സർക്കാർ വഹിക്കുമെന്ന് ഉറപ്പേകുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഇതു നടപ്പാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ചികിത്സാ ചെലവ് സർക്കാ‌ർ വഹിച്ചു. എന്നാൽ കൂടുതൽ പേർക്കും നീണ്ടകാലത്തെ തുടർചികിത്സ ആവശ്യമുള്ളവരായിരുന്നു. ഇവർ ഇപ്പോഴും ചികിത്സാച്ചെലവിനായി പ്രയാസപ്പെടുകയാണ്. അപകടത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മൂന്ന് വയസുകാരി ആയിഷ മോൾക്ക് സംസാരശേഷിയും നടക്കാനുള്ള കഴിവും തിരികെ ലഭിച്ചിട്ടില്ല. അപകട ശേഷം കടുത്ത ശാരീരിക പ്രയാസം നേരിടുന്ന 11കാരിയായ ദർസ ഇപ്പോഴും ചികിത്സയിലാണ്. പ്രിയപ്പെട്ടവർ കൺമുന്നിൽ പിടഞ്ഞുതീർന്നതിന്റെ ഓർമ്മകളിൽ നീറി ജീവിക്കുന്ന ഈ മനുഷ്യരെ ചികിത്സാ ചിലവിനായി നെട്ടോട്ടമോടിപ്പിക്കുന്നത് ക്രൂരതയാണെന്ന വിമർശനം പല കോണുകളിൽ നിന്ന് ഉയർന്നിട്ടും ഇതൊന്നും അധികൃതർ കേട്ട ഭാവമില്ല. മരിച്ച സിവിൽ പൊലീസ് ഓഫീസർ സബറുദ്ധീന്റ ഭാര്യ മുനീറയ്ക്ക് ആശ്രിത നിയമനം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

പരിഹരിക്കണം ഈ തർക്കം

മരിച്ച 18 പേരുടെ ബന്ധുക്കൾക്കും സർക്കാ‌ർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. പരപ്പനങ്ങാടി ഉള്ളണം സ്വദേശി വി.സി.സുബൈദയുടെ മകളായ ആയിഷാബി, അവരുടെ മക്കളായ ആദില ഷെറി, മുഹമ്മദ് അദ്നാൻ, മുഹമ്മദ് അഫ്സാൻ എന്നിവർ അപകടത്തിൽ മരിച്ചിരുന്നു. ആയിഷാബിയുടെ ഭർത്താവ് കുടുംബവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച രണ്ട് ലക്ഷവും സംസ്ഥാന സർക്കാരിന്റെ 10 ലക്ഷവും ആയിഷാബിയുടെ ജീവിച്ചിരിക്കുന്ന രണ്ട് മക്കളുടെ പേരിലും ഡെപ്പോസിറ്റായി നിക്ഷേപിക്കാനാണ് സുബൈദ ആവശ്യപ്പെട്ടത്. എന്നാൽ, നഷ്ടപരിഹാര തുകയിൽ തനിക്കും അവകാശമുണ്ടെന്ന് ഉന്നയിച്ച് ആയിഷാബിയുടെ ഭർത്താവ് രംഗത്തെത്തിയതോടെ തീരുമാനമാകാതെ തുക ആർക്കും ലഭിക്കാത്ത അവസ്ഥയാണ്. കുട്ടികളുടെ ഭാവിയ്ക്ക് പ്രാധാന്യമേകി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിന് വേണം മുൻതൂക്കമേകാൻ.

തഴഞ്ഞു രക്ഷാകരങ്ങളെ

താനൂരിൽ ബോട്ട് ദുരന്തമുണ്ടായത് കേട്ടറിഞ്ഞ് നിരവധി പേരാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തിയത്. സ്വന്തം ജീവൻ പണയം വെച്ച് പൂരപ്പുഴയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടിയവരിൽ പലർക്കും പരിക്കേറ്റിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റവർ വരെ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ചികിത്സാ ധനസഹായം നൽകാമെന്ന് സർക്കാർ ഉറപ്പേകിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു സഹായവും ലഭിച്ചിട്ടില്ല. പരിക്കേറ്റതിനെ തുടർന്ന് പല‌ർക്കും ഏറെക്കാലം ജോലിക്ക് പോവാൻ സാധിച്ചില്ല. തുച്ഛമായ വരുമാനം കൊണ്ട് ജീവിതം രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികൾ അടക്കം അക്കൂട്ടത്തിലുണ്ട്. ഇനിയെങ്കിലും ഇവരോട് കാണിച്ച അനീതി തിരുത്തണമെന്ന ആവശ്യവും ശക്തമാണ്.

Advertisement
Advertisement