കാതലായ മാറ്റങ്ങൾ നടപ്പാക്കണം

Saturday 11 May 2024 12:00 AM IST

ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത് നാലേകാൽ ലക്ഷത്തോളം കുട്ടികളാണ്. ഇതിൽ രണ്ടായിരത്തിൽ താഴെ കുട്ടികൾക്കു മാത്രമാണ് ഉപരിപഠനത്തിന് അർഹത നേടാനാകാതെ പോയത്. അതായത്,​ എഴുതുന്ന കുട്ടികൾ എല്ലാവരും ജയിക്കുന്ന ഒരു പരീക്ഷയായി എസ്.എസ്. എൽ.സി മാറിയിരിക്കുന്നു. ഇത്തവണത്തെ വിജയ ശതമാനം 99.69 ആണ്. പഴയ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഒന്നാംക്ളാസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഗ്രാമീണ മേഖലയിലും മറ്റും ഒരു സ്കൂളിൽ അഞ്ചിനും പത്തിനും ഇടയിൽ മാത്രമായിരുന്നു. ശരാശരിക്ക് വളരെ മുകളിൽ വരുന്ന കുട്ടികൾക്കേ അന്ന് ഫസ്റ്റ് ക്ളാസ് ലഭിച്ചിരുന്നുള്ളൂ. അന്നത്തെ ഫസ്റ്റ് ക്ളാസിനുള്ള വില ഇന്നത്തെ എ പ്ളസിന് ഇല്ല എന്നത് വിദ്യാഭ്യാസ വിദഗ്ദ്ധർ തന്നെ സമ്മതിക്കുന്ന ഒരു കാര്യമാണ്. തീർത്തും ലഘുവായ പരീക്ഷാക്രമവും മൂല്യനിർണയ രീതിയുമാണ് കഴിഞ്ഞ പതിനഞ്ചു വർഷമായി നിലനിൽക്കുന്നത്.

ആർക്കും കടന്നുകൂടാവുന്ന ഒരു കവാടമായി എസ്.എസ്.എൽ.സി മാറുമ്പോൾ അതിന്റെ നിലയും വിലയും കുറയുമെന്നത് സ്വാഭാവികമാണ്. അത് ഇവിടെയും സംഭവിച്ചിട്ടുണ്ട്. ഇതിൽ ഒരുമാറ്റം വേണമെന്ന് വളരെക്കാലമായി വിദ്യാഭ്യാസ രംഗത്തെ പണ്ഡിതർ ആവശ്യപ്പെട്ടു വന്ന കാര്യമാണെങ്കിലും അത് ഏതു രീതിയിൽ വേണമെന്നത് സംബന്ധിച്ച് വ്യക്തത വന്നിരുന്നില്ല. എന്നാൽ ഇപ്രാവശ്യം ഫലം പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി വെളിപ്പെടുത്തിയത് അടുത്തവർഷം മുതൽ പുതിയ രീതി ആവിഷ്കരിക്കുമെന്നും,​ അതുവഴി ഓരോ വിഷയത്തിനും മിനിമം മാർക്ക് ഏർപ്പെടുത്തുമെന്നുമാണ്. വളരെ വൈകിയെങ്കിലും പൊതുവിദ്യാഭ്യാസരംഗം ഇപ്പോഴെങ്കിലും ഇതിനു തയ്യാറാകുന്നതിനെ എതിർപ്പുകൾ ഉയർത്തി തടയാൻ ശ്രമിക്കാതെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. അടിസ്ഥാന പരീക്ഷകൾക്കും പഠനത്തിനും നിലവാരമില്ലെങ്കിൽ പിന്നീടുള്ള മത്സര പരീക്ഷകളിൽ കുട്ടികൾ പിന്തള്ളപ്പെട്ടു പോകും. ഇത് അവരുടെ ഭാവിയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.

ഇതൊരു പുതിയ പരിഷ്കാരമൊന്നുമല്ല. പഴയകാലത്ത് എസ്.എസ്.എൽ.സി ജയിക്കാൻ ഓരോ വിഷയത്തിനും മിനിമം മാർക്ക് നിർബന്ധമായിരുന്നു. ആ പഴയ സമ്പ്രദായം തിരികെ കൊണ്ടുവരുന്നത് നല്ല കാര്യംതന്നെയാണ്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഗുണമേന്മ ഉയർത്താൻ അത് തീർച്ചയായും ഉപകരിക്കും. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പൊതുവെ ഉയർന്ന മാർക്ക് ലഭിക്കാറുണ്ട്. എന്നാൽ പ്രധാന മത്സര പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ, കേന്ദ്ര സർവകലാശാലാ പ്രവേശന പരീക്ഷകൾ എന്നിവയിൽ പിന്നാക്കം പോകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതു മാറാൻ ഉപകരിക്കുന്ന രീതിയിലുള്ള പരിഷ്കരണങ്ങളാണ് ഏർപ്പെടുത്തേണ്ടത്. ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനവും ഏറെക്കുറെ മത്സര പരീക്ഷകളിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മത്സര പരീക്ഷയിൽ പിന്നിലാക്കാൻ കഴിയില്ല എന്നത് ഉറപ്പാക്കാൻ പുതിയ പരിഷ്കരണങ്ങൾക്ക് കഴിയണം.

വർഷങ്ങളായി പൊതുവിദ്യാഭ്യാസ വകുപ്പ് യാതൊരു മാറ്റത്തിനും തയ്യാറാകാതെ തുടരുന്നതിന്റെ ഗുണം ഫലത്തിൽ സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്കാണ് കിട്ടുന്നത്. വലിയ ഫീസ് നൽകി കോച്ചിംഗിനു പോകാതെ മത്സര പരീക്ഷയിൽ ജയിക്കാനാകില്ല എന്നത് കുട്ടികളും മാതാപിതാക്കളും നൂറുശതമാനം അംഗീകരിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിത്. വിജയ ശതമാനം കൂടുന്നതും കുറയുന്നതുമല്ല പ്രധാനം. പഠന നിലവാരം കൂടുന്നു എന്നത് ഉറപ്പാക്കുകയാണ് വേണ്ടത്. മത്സര പരീക്ഷകളെ ലക്ഷ്യമാക്കിയുള്ള പ്രത്യേക പരിശീലനം സ്കൂൾതലം മുതൽ കുട്ടികൾക്ക് നൽകാൻ കഴിയണം. അതിനുള്ള സംവിധാനങ്ങളൊക്കെ പൊതുവിദ്യാഭ്യാസ വകുപ്പിന് ഇപ്പോൾത്തന്നെയുണ്ട്. ആരെയൊക്കെയോ പേടിച്ച് അതൊന്നും നടപ്പിലാക്കുന്നില്ലെന്നേയുള്ളൂ. ഇതാണ് മാറേണ്ടത്. അല്ലാതെ സ്വന്തം പേരുപോലും തെറ്റുകൂടാതെ എഴുതാൻ കഴിയാത്തവർ കൂട്ടത്തോടെ എസ്.എസ്.എൽ.സി എന്ന വാതിൽ കടന്നു വന്നിട്ട് വലിയ കാര്യമൊന്നുമില്ല.

Advertisement
Advertisement